ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കാമുകി അനുഷ്ക ശർമയും തമ്മിലുളള വിവാഹം ഡിസംബർ 12 ന് നടക്കുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇപ്പോഴിതാ ഇത് സത്യമാണെന്ന് വിശ്വസിക്കത്തക്ക വിധമുളള മറ്റൊരു വാർത്തയും കൂടി പുറത്തുവന്നിരിക്കുന്നു. വിരാട് കോഹ്‌ലിയുടെ ബാല്യകാല കോച്ച് രാജ്കുമാർ ശർമ അവധിക്ക് അപേക്ഷിച്ചതാണ് ഇതിന് ആധാരം.

സികെ നായിഡു U-23 സെമിഫൈനൽ മൽസരം നടക്കാൻ പോകുന്ന നിർണായക സമയത്താണ് രാജ്കുമാർ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. രാജ്കുമാർ അവധി ആവശ്യപ്പെട്ടതിനെത്തുടർന്ന് റോബിൻ സിങ്ങിനെ കോച്ചായി നിയമിച്ചതായി ഡിഡിസിഎ അധികൃതർ സ്ഥിരീകരിച്ചതായി ന്യൂസ് 18 നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുപാട് കാലത്തിനുശേഷമാണ് സികെ നായിഡു ട്രോഫി സെമിഫൈനലിൽ ഡൽഹിയെത്തുന്നത്. ഈ നിർണായക സമയത്തിലാണ് രാജ്കുമാർ അവധിക്ക് അപേക്ഷിച്ചത്. കുടുംബപരമായ ചില ചടങ്ങുകൾ ഉളളതിനാൽ അവധി നൽകണമെന്നാണ് രാജ്കുമാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ന്യൂസ് 18 ന്റെ റിപ്പോർട്ടിൽ പറയുന്നു.

ഡിസംബർ 12 ന് കോഹ്‌ലി-അനുഷ്ക വിവാഹം നടക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന അതേ സമയത്താണ് രാജ്‌കുമാറും അവധി അപേക്ഷിച്ചിരിക്കുന്നത്. ഇറ്റലിയിൽവച്ചാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരാകുന്നതെന്നാണ് പ്രചരിക്കുന്ന വാർത്ത. ഇതിനായി അടുത്ത ദിവസങ്ങളിൽതന്നെ കോഹ്‌ലി ഇറ്റലിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലങ്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ നിന്നും വിരാട് വിട്ടു നില്‍ക്കുന്നത് വിവാഹത്തില്‍ പങ്കെടുക്കാനെന്നാണ് വിവരം.

അനുഷ്കയുടെ വിവാഹവസ്ത്രം ഫാഷന്‍ ഡിസൈനറായ സബ്യാസച്ചി മുഖര്‍ജിയാണ് ഒരുക്കുന്നതെന്നും വിവരമുണ്ട്. കോഹ്‌ലിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മിലാനിലായിരിക്കും വിവാഹം നടക്കുക. വിവാഹത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളൊന്നും തന്നെ പങ്കെടുത്തേക്കില്ല. ഇവര്‍ക്ക് വേണ്ടി ഇന്ത്യയില്‍ പിന്നീട് സത്കാരം ഒരുക്കും. ഡിസംബര്‍ 21ന് മുംബൈയിലായിരിക്കും സത്കാരം നടക്കുക. വാർത്തകൾ പുറത്തുവന്നതിനുപിന്നാലെ നിഷേധിച്ച് അനുഷ്കയുടെ മീഡിയ വക്താവ് രംഗത്തെത്തിയിരുന്നു. എങ്കിലും വിരുഷ്ക വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതിന് ഒട്ടും കുറവ് വന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ