Latest News

കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഭാവി ചർച്ച ചെയ്യാൻ ബിസിസിഐ, ന്യൂസിലൻഡ് ടി20 പരമ്പരയിൽ രോഹിത് നായകനായേക്കും

ടി20 നായകസ്ഥാനം ഒഴിയുന്ന കോഹ്‌ലിക്ക് ഏകദിന നായക സ്ഥാനവും നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്

Virat Kohli captaincy, Rohit Sharma captain, India's T20 captaincy, national selectors meet, T20 World Cup

ബെംഗളൂരു: ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീം നായകനായേക്കും. നവംബർ 17 നാണ് പരമ്പരയിലെ ആദ്യ മത്സരം. അതേസമയം, ഏകദിന ക്യാപ്റ്റനെന്ന നിലയിലുള്ള വിരാട് കോഹ്‌ലിയുടെ ഭാവി സംബന്ധിച്ച് ബിസിസിഐ ചർച്ച ചെയ്യും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചേരുന്ന ദേശീയ സെലക്ഷൻ കമ്മിറ്റിയും ബിസിസിഐ നേതൃത്വവും ചേരുന്ന യോഗത്തിലാണ് ചർച്ച നടക്കുക.

ടി20 നായകസ്ഥാനം ഒഴിയുന്ന കോഹ്‌ലിക്ക് ഏകദിന നായക സ്ഥാനവും നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഓൺലൈനിലൂടെയാണ് ദേശീയ സെലക്ഷൻ കമ്മിറ്റിയുമായി ചർച്ച നടത്തുക.

നിലവിൽ ഈ വർഷമോ അടുത്ത വർഷമോ ഇന്ത്യക്ക് അധികം ഏകദിന മത്സരങ്ങൾ ഇല്ല. അടുത്ത വർഷം ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ അടുത്ത ടി20 ലോകകപ്പ് നടക്കുന്നതിനാലാണ് ഏകദിന മത്സരങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നത്.

“ആദ്യം ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിനെ തീരുമാനിക്കേണ്ടതുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് രോഹിത് ഇതുവരെ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് അദ്ദേഹം നയിക്കാൻ ആഗ്രഹമില്ലെന്ന് പറയണം? മുഴുവൻ സമയ ടി20 ക്യാപ്റ്റനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആദ്യ പരമ്പരയായിരിക്കും, ”രോഹിത് വിശ്രമിക്കുമോ എന്ന ചോദ്യത്തിന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയായി പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, ന്യൂസിലൻഡിനെതിരെ കാൺപൂരിലും (നവംബർ 25-29), മുംബൈയിലുമായി (ഡിസംബർ 3-7) നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിതിനെപ്പോലുള്ള മുൻനിര കളിക്കാർ ഇടവേള എടുത്തേക്കുമെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ടി20 സമയത്ത് വിശ്രമം ലഭിക്കുന്നവർ ടെസ്റ്റ് പരമ്പരയിൽ തിരികെ വരാനാണ് സാധ്യത. ടി20 കളിക്കുന്നവർക്ക് ഡിസംബറിലെ ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് മുന്നോടിയായി ഇടവേള അനുവദിച്ചേക്കും.

കോഹ്ലി ഏകദിന ക്യാപ്റ്റനായി തുടരാൻ സാധ്യത കുറവ്

ഇന്ത്യക്ക് ഈ ഹോം സീസണിൽ ആകെ മൂന്ന് ഏകദിനങ്ങളാണുള്ളത്. മൂന്നും വെസ്റ്റ് ഇൻഡീസിന് എതിരെ ഫെബ്രുവരിയിലാണ്. അതോടൊപ്പം 2023 ലോകകപ്പിലേക്ക് രണ്ട് വർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നുണ്ട്.

പുതിയ ഏകദിന ക്യാപ്റ്റനെ പ്രഖ്യാപിക്കാൻ അവർ തിടുക്കമില്ലെങ്കിലും ജൂൺ വരെ ഇന്ത്യയിൽ 17 ടി20 മത്സരങ്ങളുള്ളപ്പോൾ മൂന്ന് മത്സരങ്ങൾക്കായി മാത്രം പ്രത്യേക വൈറ്റ് ബോൾ ക്യാപ്റ്റനെ അവർ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പാണ്.

Also Read: സിക്സര്‍ മഴ വീണ്ടും പെയ്യുമോ; സൂചന നല്കി യുവി

എന്നാൽ, അതിനുമുമ്പ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ ഒരു ഏകദിന പരമ്പരയുണ്ട്, അതിനിടയിൽ കോഹ്‌ലി ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും സ്വമേധയാ പിന്മാറുമോ അതോ ബിസിസിഐ അവസരം നൽകുന്നതുവരെ കാത്തിരിക്കുമോയെന്ന് കണ്ടറിയണം. എന്തായാലും, പരിമിത ഓവർ മത്സരങ്ങളിൽ ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നാണ് സൂചന.

ഹാർദിക് പാണ്ഡ്യയെയും ഭുവനേശ്വർ കുമാറിനെയും ഒഴിവാക്കാൻ സാധ്യത

അടുത്ത ടി20 ലോകകപ്പിന് കൃത്യം 11 മാസം മാത്രം അവശേഷിക്കെ, ഹോം സീസൺ അവസാനിക്കുന്ന അടുത്ത വർഷം ജൂണിൽ കഴിയുന്നത്ര കളിക്കാരെ പരീക്ഷിക്കാനാകും ദേശീയ സെലക്ഷൻ കമ്മിറ്റി ശ്രമിക്കുക.

അതിനാൽ തന്നെ, മോശം ഫോമിലുള്ള ഭുവനേശ്വർ കുമാറിനെയും ഫിറ്റ്‌നസ് പ്രശ്നങ്ങൾ അലട്ടുന്ന ഹാർദിക് പാണ്ഡ്യയെയും ന്യൂസിലൻഡിനെതിരായ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് കരുതുന്നത്.

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച, ഓറഞ്ച് ക്യാപ്പ് നേടിയ ഋതുരാജ് ഗെയ്‌ക്‌വാദ്, കൂടുതൽ വിക്കറ്റുകൾ നേടിയവരിൽ ഒരാളായ അവേഷ് ഖാൻ, പരിചയസമ്പന്നനായ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ തുടങ്ങിയ താരങ്ങൾ ടീമിൽ എത്തിയേക്കും.

ഭാവിയിൽ പാണ്ഡ്യയുടെ പകരക്കാരനാകുമെന്ന് പലരും കരുതുന്ന ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർക്കും അവസരം ലഭിച്ചേക്കും. അക്സർ പട്ടേൽ, ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവരെല്ലാം ടി20 പരമ്പരയിൽ തിരിച്ചെത്തിയേക്കും, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ഉമേഷ് യാദവ് എന്നിവർ ടെസ്റ്റ് ഫോർമാറ്റിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohlis captaincy future to be discussed rohit sharma set to lead in nz t20s

Next Story
ഒരു ദിവസം രണ്ട് അർധ സെഞ്ച്വറി നേടി അഫ്‌ഗാൻ താരം മുഹമ്മദ് ഷെഹ്സാദ്
The moderation of comments is automated and not cleared manually by malayalam.indianexpress.com