ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് കാറുകളോട് പ്രിയം ഏറെയാണ്. ജർമ്മൻ കാർ നിർമ്മാതാക്കളായ ഔഡിയോടാണ് കോഹ്‌ലിക്ക് ഇഷ്ടക്കൂടുതൽ. നിലവിൽ ഔഡി ആർ 8 എൽഎംഎക്സ്, ഔഡി ആർ 8 വി 10, ഔഡി എ 8 എൽ ഡബ്ല്യു 12 ക്വട്രോ, ഔഡി എസ് 6, ഔഡി ക്യു 7 4.2 ടിഡിഐ, ടൊയോട്ട ഫോർചുണർ, റെനൗൾട്ട് ഡസ്റ്റർ എന്നീ വാഹനങ്ങൾ കോഹ്‌ലിക്കുണ്ട്. ഇതിനു പുറമേ മറ്റൊരു സൂപ്പർ കാർ കൂടി തന്റെ ശേഖരത്തിൽ ചേർത്തിരിക്കുകയാണ് കോഹ്‌ലി.

ബെന്റ്‌ലി കോണ്ടിനന്റൽ ജിടിയാണ് കോഹ്‌ലി പുതുതായി തന്റെ കാർ കളക്ഷനിലേക്ക് ചേർത്തിരിക്കുന്നത്. തന്റെ സഹോദരൻ വികാസ് കോഹ്‌ലിയുടെ പേരിലാണ് കോഹ്‌ലി കാർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.

വൈറ്റ് നിറത്തിലുളള വാഹനാണ് കോഹ്‌ലിയുടേത്. മൂന്നര കോടിക്കു മുകളിലാണ് കോഹ്‌ലിയുടെ പുതിയ കാറിന്റെ വില. കോഹ്‌ലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗ്, യുവരാജ് സിങ് എന്നിവരും സ്വപ്ന വാഹനം സ്വന്തമാക്കിയിട്ടുണ്ട്.

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്‌ലിയുടെ നാലു മോഡലുകളാണ് ഇന്ത്യയിൽ ലഭ്യമാകുക. 3.58 കോടി മുതൽ 3.84 കോടി വരെയാണ് കാറുകളുടെ ഇന്ത്യയിലെ ഷോറൂം വില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ