ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയുമാണ് ഈ കാലഘട്ടത്തിലെ മികച്ച ബാറ്റ്സ്മാന്മാരായിട്ട് ഓസ്ട്രേലിയൻ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ കരുതുന്നത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയെക്കാൾ കേമൻ സ്മിത്ത് തന്നെയെന്നാണ് ഷെയ്ൻ വോണിന്റെ അഭിപ്രായം. ടെസ്റ്റ് ക്രിക്കറ്റിലെ ഇരുതാരങ്ങളുടെയും സെഞ്ചുറികൾ വിലയിരുത്തിയാണ് വോൺ സ്മിത്തിനെ മികച്ച കളിക്കാരനെന്ന് പറഞ്ഞത്.

”എന്നെ സംബന്ധിച്ചിടത്തോളം ഒരു മികച്ച കളിക്കാരനെന്നു പറയണമെങ്കിൽ മൂന്നു രാജ്യങ്ങളിൽവച്ച് സെഞ്ചുറി നേടണം- ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ. കോഹ്‌ലിയുടെ ടെസ്റ്റ് സിവിയിൽ ഇപ്പോഴും നികത്താനാവാത്ത ഒരു വിടവുണ്ട്. അടുത്ത വർഷം ഇംഗ്ലണ്ടിലേക്ക് തന്റെ ടീമുമായി പര്യടനത്തിനു പോകുമ്പോൾ കോഹ്‌ലി അത് ചിലപ്പോൾ നികത്തിയേക്കും” വോൺ പറഞ്ഞതായി ക്രിക്കറ്റ് ഡോട് കോം ഡോട് എയു വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയിലും ഇന്ത്യയിലും ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിൽവച്ച് കോഹ്‌ലി ഇതുവരെ ഒരു സെഞ്ചുറി നേടിയിട്ടില്ല. ടെസ്റ്റിൽ 20 സെഞ്ചുറികളാണ് കോഹ്‌ലിയുടെ സമ്പാദ്യം.

ലോകത്തിലെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ കോഹ്‌ലിക്കും സ്മിത്തും ഒരേ സ്ഥാനമാണ് വോൺ നൽകിയത്. കോഹ്‌ലി നല്ല ബാറ്റ്സ്മാനാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം സ്റ്റീവ് സ്മിത്താണ് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനെന്നും വോൺ പറഞ്ഞു. അടുത്തിടെ നടന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ മൂന്നു സെഞ്ചുറികളാണ് സ്മിത്ത് സ്വന്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ