ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ആതിഥേയർ അനായാസം സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലിഷ് നായകൻ മൈക്കിൾ വോൺ. ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അഭാവമാണ് ഓസ്ട്രേലിയയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതെന്ന് വോൺ വ്യക്തമാക്കി. കങ്കാരുക്കൾക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മാത്രമേ കോഹ്‌ലി കളിക്കുന്നുള്ളു. പിന്നീടുള്ള മത്സരങ്ങളിൽ താരത്തിന് പറ്റേണിറ്റി ലീവ് അനുവദിക്കുകയായിരുന്നു.

കോഹ്‌ലിയും ഭാര്യ അനുഷ്‌കയും തങ്ങളുടെ ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ആദ്യ ടെസ്റ്റിനു ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. കോഹ്‌ലി ആവശ്യപ്പെട്ടാൽ അദ്ദേഹത്തിനു പറ്റേർണിറ്റി ലീവ് അനുവദിക്കുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.

Also Read: ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം; കോഹ്‌ലിക്ക് പറ്റേർണിറ്റി ലീവ്

“ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലിയില്ല. ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് അടുത്തുണ്ടാവുകയെന്നത് ശരിയായ തീരുമാനമാണ്. എന്നാൽ അത് അർത്ഥമാക്കുന്നത് ഓസ്ട്രേലിയ വളരെ അനായാസം പരമ്പര സ്വന്തമാക്കുമെന്നാണ്.” മൈക്കിൾ വോൺ ട്വിറ്ററിൽ കുറിച്ചു.

ഓസ്ട്രേലിയക്കെതിരായ ഏകദിന – ടി20 മത്സരങ്ങളിൽ വിരാട് കോഹ്‌ലി കളിക്കും. ആദ്യം നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലും ഇന്ത്യയെ നയിക്കുക വിരാട് കോഹ്‌ലിയാണ്. മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്.

Also Read: രോഹിത് ശർമയ്ക്ക് ഒരിക്കലും തന്റെ ഉത്തരവാദിത്തം ഭാരമാവില്ല; ഓർമകൾ പങ്കുവച്ച് ബാല്യകാല പരിശീലകൻ

അതേസമയം, ഓസിസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓസീസ് പര്യടനത്തിൽ നിന്ന് പൂർണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇപ്പോൾ ടെസ്റ്റ് പരമ്പരയിൽ താരത്തിന് സ്ഥാനം നൽകിയിരിക്കുകയാണ്.

ഏകദിന, ടി 20 മത്സരങ്ങൾ രോഹിത്തിന് കളിക്കാൻ സാധിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ഏകദിന പരമ്പരയിൽ സഞ്ജു സാംസണെ അഡീഷണൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി. നേരത്തെ, സഞ്ജു ടി 20 സ്‌ക്വാഡിൽ മാത്രമാണുണ്ടായിരുന്നത്. ഇഷാന്ത് ശർമയെ ടെസ്റ്റ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി. പരുക്കിനെ തുടർന്ന് സ്‌പിന്നർ വരുൺ ചക്രവർത്തിയെ ടി 20 സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി. വൃദ്ധിമാൻ സാഹ പരുക്കിൽ നിന്ന് മുക്തി നേടുമോ എന്ന് ബിസിസിഐ നിരീക്ഷിക്കും. പേസർ ടി.നടരാജനെ ടി 20 സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook