/indian-express-malayalam/media/media_files/uploads/2018/02/virat-kohli7592.jpg)
കേപ് ടൗണിൽ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ലോകമൊട്ടാകെയുളള ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളുടെ പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇന്ത്യൻ നായകനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ എന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്മരിക്കുന്ന സാക്ഷാൽ സൗരവ് ഗാംഗുലിയാണ്.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് 160 റൺസ് നേടിയ ഇന്ത്യൻ നായകനെ പ്രകീർത്തിക്കാൻ ആരാധകർ വാക്കുകൾ തിരയുമ്പോഴാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ദാദ തന്നെ കോഹ്ലിയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്.
"സച്ചിൻ, ദ്രാവിഡ്, ലക്ഷ്‌മൺ, സെവാഗ്, റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ എന്നിവർക്കെല്ലാം ഒപ്പവും എതിരായും കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. വിരാട് കോഹ്ലി ഇപ്പോൾ ഈ താരനിരയ്ക്ക് ഒപ്പമാണ് ഉളളത്. ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനും പന്തിനെ നിയന്ത്രിക്കാനും ഉളള കോഹ്ലിയുടെ ശേഷി മാത്രമല്ല, കളിസമയത്തെ ആത്മാർപ്പണവും ഊർജ്ജവും പോലും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്", ഗാംഗുലി സാക്ഷ്യപ്പെടുത്തി.
"ഇത്രയും എളുപ്പത്തിൽ 34 സെഞ്ച്വറികൾ നേടുകയെന്നത് മഹത്തരമായ നേട്ടമാണ്. മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും ടൂർണ്ണമെന്റിൽ ഇതുവരെ സെഞ്ച്വറി നേടാനായില്ലെന്നതും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന് മാത്രമാണ് ഈ നേട്ടം നേടാനായതെന്നതും കോഹ്ലിയുടെ സെഞ്ച്വറിയ്ക്ക് പ്രാധാന്യം നൽകുന്നത്. ടൂർണ്ണമെന്റിൽ ഇനിയും കോഹ്ലിയിൽ നിന്ന് പലതും പ്രതീക്ഷിക്കാം", ഗാംഗുലി വ്യക്തമാക്കി.
"ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ നടന്ന ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച് ആറ് മത്സര പരമ്പരയിൽ മുന്നിൽ നിൽക്കുന്ന വിരാട് കോഹ്ലിയും അദ്ദേഹത്തിന്റെ ആൺകുട്ടികളും നിശ്ചയദാർഢ്യത്തിന്റെ അടയാളമാണ്", ദാദ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.