ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 149 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്സ് ആണ് ഇന്ത്യയ്ക്ക് തുണയായത്. തകര്‍ന്നു നിന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് ടോട്ടലിന്റെ 13 റണ്‍സ് അകലെ വരെ കോഹ്‌ലിയുടെ പോരാട്ടത്തിലൂടെ എത്താനായി. ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയാണ് ഇതോടെ കോഹ്‌ലി നേടിയത്. കോഹ്‌ലിയുടെ സെഞ്ചുറി ഇന്ത്യന്‍ടീമിന് ഊര്‍ജ്ജം നല്‍കുമെന്നാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ പറയുന്നത്.

‘മുംബൈയില്‍ ഷൂട്ടിലായിരുന്നതിനാല്‍ ഇന്നലെ ഹൈലൈറ്റ്സ് മാത്രമാണ് കാണാനായത്. ഒരു ശരിയായ ക്യാപ്റ്റനെന്ന നിലയിലായിരുന്നു കോഹ്‌ലിയുടെ പ്രകടനം. വാലറ്റക്കാരുമായി പൊരുതുകയാണ് അദ്ദേഹം ചെയ്തത്. അത് ശ്രദ്ധേയമായിരുന്നു. ഒരു പരമ്പരയിലെ മികച്ച തുടക്കമാണത്’, ഗെയ്‍ല്‍ പറഞ്ഞു.

‘വളരെ മികച്ച രീതിയിലാണ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കളിച്ചത്. അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ച് ഇംഗ്ലണ്ടിലെത്തിയപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഈ പ്രകടനം കോഹ്‌ലിയേയും ഇന്ത്യന്‍ ടീമിനേയും മുന്നോട്ട് നയിക്കും, പുതിയ ഉണര്‍വ്വ് നല്‍കും’, പരമ്പരയില്‍ ഇന്ത്യ ജയിക്കുമോ എന്ന ചോദ്യത്തിന് ‘എന്തുകൊണ്ട് ജയിക്കില്ല, അവര്‍ മനുഷ്യന്മാരല്ലേ? എന്നായിരുന്നു ഗെയ്‌ലിന്റെ ചോദ്യം.

ജോ റൂട്ടിന്റെ 80 റണ്‍സും കോഹ്‌ലിയുടെ 100 റണ്‍സും തമ്മിലുളള താരതമ്യം ചോദിച്ചപ്പോള്‍ പരിഹാസരൂപേണയാണ് അദ്ദേഹം മറുപടി പറഞ്ഞത്, ‘റൂട്ടിന്റെ 80 റണ്‍സ് പ്രകടനം ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം റണ്‍ ഔട്ട് ആകുന്നതും മൈക്ക് ഡ്രോപ് ചെയ്യുന്നതും മാത്രമാണ് ഞാന്‍ കണ്ടത്’.

ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ സെഞ്ചുറി നേടി കോഹ്‌ലിപ്പടയെ നിരാശരാക്കിയശേഷം ജോ റൂട്ട് നടത്തിയ ‘മൈക്ക് ഡ്രോപ് സെലബ്രേഷന്‍’ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഹ്‌ലി നോക്കിനില്‍ക്കെ ബാറ്റ് താഴെയിട്ട് റൂട്ട് നടത്തിയ ‘മൈക്ക് ഡ്രോപ് സെലബ്രേഷന്‍’ ചെറിയ തോതില്‍ വിവാദമാവുകയും ചെയ്തു. പിന്നാലെ തന്റെ പ്രതികരണത്തില്‍ പശ്ചാത്തപിച്ച് റൂട്ട് തന്നെ രംഗത്തെത്തിയിരുന്നു.

ഏകദിന പരമ്പരയിലെ റൂട്ടിന്റെ മൈക്ക് ഡ്രോപ് പരിഹാസത്തിന് മധുരപ്രതികാരവുമായി കോഹ്‌ലിയും രംഗത്തെത്തി. ടെസ്റ്റ് മത്സരത്തില്‍ റൂട്ടിനെ റണ്ണൗട്ടിലാക്കിയതിനുപിന്നാലെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. അശ്വിന്‍ എറിഞ്ഞ 63-ാം ഓവറിലാണ് സംഭവം. ഈ സമയത്ത് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സ്‌കോര്‍ 26ല്‍ നില്‍ക്കെ അലിസ്റ്റര്‍ കുക്കിനെ നഷ്ടമായശേഷം ജെന്നിങ്‌സിനൊപ്പം ഇന്നിങ്‌സ് കരുപ്പിടിപ്പിച്ച റൂട്ട് സെഞ്ചുറിയിലേക്കുള്ള വഴിയിലായിരുന്നു.

63-ാം ഓവറിലെ മൂന്നാം പന്ത് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ടശേഷം ഒരു റണ്‍ പൂര്‍ത്തിയാക്കിയ റൂട്ട്-ബെയര്‍‌സ്റ്റോ സഖ്യം രണ്ടാം റണ്ണിനു ശ്രമിച്ചതാണ് വിനയായത്. പന്ത് കൈക്കലാക്കിയ കോഹ്‌ലിയുടെ നേരിട്ടുള്ള ത്രോ കുറ്റി തെറിപ്പിക്കുമ്പോള്‍, ക്രീസിന് അടുത്തെങ്ങുമുണ്ടായിരുന്നില്ല റൂട്ട്. സ്റ്റംപ് തെറിപ്പിച്ചതിനുശേഷം ഇംഗ്ലീഷ് നായകന് പ്ലൈയിങ് കിസും നല്‍കിയാണ് കോഹ്‌ലി മടക്കി അയച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ