ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 2011 ലാണ് കോഹ്ലിയാദ്യമായി ഇന്ത്യക്കായി വെള്ളക്കുപ്പായം അണിഞ്ഞത്. അത്ര അനുകൂലമായിരുന്നില്ല തുടക്കം. ആദ്യ മത്സരത്തില്‍ നേടിയത് കേവലം 19 റണ്‍സ് മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ 100-ാം ടെസ്റ്റ് മത്സരത്തിനൊരുങ്ങുകയാണ് താരം. കോഹ്ലിയുടെ വളര്‍ച്ചയ്ക്ക് മറ്റൊരു തെളിവ് ആവശ്യമില്ലല്ലോ.
99 മത്സരങ്ങളില്‍ നിന്ന് കോഹ്ലി സ്കോര്‍ ചെയ്തത് 7962 റണ്‍സാണ്. അതും 50.39 ശരാശരിയില്‍. നായകന്‍ എന്ന നിലയിലും കോഹ്ലി സമാനതകള്‍ ഇല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. 68 മത്സരങ്ങള്‍ ഇന്ത്യയെ നയിച്ചു, 40 എണ്ണത്തില്‍ വിജയിക്കാനുമായി. വിജയശരാശരി 58.82 ശതമാനമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോഹ്ലിയോളം ടെസ്റ്റില്‍ തിളങ്ങിയ താരമില്ലെന്ന് പറയാം. 2016 ആയിരുന്നു കോഹ്ലിയുടെ ആധിപത്യം ഏറ്റവും കണ്ട വര്‍ഷം. 12 കളികളില്‍ നിന്ന് 1,215 റണ്‍സ് നേടി.
ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്നിങ്സുകള്‍
അഡ്ലെയ്ഡ് – 2012
2011-12 ഓസ്ട്രേലിയന്‍ പര്യടനം. പരമ്പരയിലെ അവസാന മത്സരം അഡ്ലെയ്ഡില്‍. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കോഹ്ലി നേടിയത് കേവലം 43 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ അഡ്ലെയ്ഡില്‍ കോഹ്ലി തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ചു. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയ അതികായര്‍ക്ക് പിന്നില്‍ ആറാമനായായിരുന്നു കോഹ്ലി ബാറ്റിങ്ങിനെത്തിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ന് 272 റണ്‍സാണ് നേടിയത്. 116 റണ്‍സെടുത്ത കോഹ്ലിയായിരുന്നു ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
മെല്‍ബണ്‍ 2014
2013-14 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ പരാജയം രുചിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ മിച്ചല്‍ ജോണ്‍സണ്‍, റെയാന്‍ ഹാരിസ്, ജോഷ് ഹെയ്സല്‍വുഡ്, ഷെയിന്‍ വാട്സണ്‍, നാഥാന്‍ ലിയോണ്‍ തുടങ്ങിയവരടങ്ങിയ ഓസീസ് ബോളിങ് നിരയ്ക്കെതിരെ കോഹ്ലി 169 റണ്‍സ് അടിച്ചുകൂട്ടി. അജിങ്ക്യ രഹാനെയെ (147) കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 262 റണ്‍സാണ് താരം ചേര്‍ത്തത്. ഇരുവരുടേയും പോരാട്ടം ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു.
മുംബൈ 2016
2016 ലാണ് ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കോഹ്ലി ഇരട്ട സെഞ്ചുറി നേടി. ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് വോക്സ്, ജെയ്ക് ബോള്‍, ബെന്‍ സ്റ്റോക്സ്, മൊയിന്‍ അലി, ആദില്‍ റഷിദ് എന്നിവരടങ്ങിയ ബോളിങ് നിര കോഹ്ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 235 റണ്‍സെടുത്ത കോഹ്ലിയുടെ മികവില്‍ ഇന്ത്യ ഇന്നിങ്സ് ജയം നേടി.
പൂനെ 2019
2019 ലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കോഹ്ലിക്ക് ഏറെ നിര്‍ണായകമായിരുന്നു. ഒരു ബാറ്ററെന്ന നിലയില്‍ കോഹ്ലിക്ക് മികവ് കാണിക്കാന്‍ സാധിച്ചു. രണ്ടാം ടെസ്റ്റില്‍ 254 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്ത്യ 601 റണ്‍സില്‍ ഡിക്ലെയര്‍ ചെയ്തു. 33 ഫോറുകളും രണ്ട് സിക്സും അടങ്ങിയതായിരുന്നു അന്നത്തെ ഇന്ത്യന്‍ നായകന്റെ ഇന്നിങ്സ്.
ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ച് പ്രധാന റെക്കോര്‍ഡുകള്‍
- നായകനെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ താരമാകാന്‍ കോഹ്ലിക്ക് കഴിഞ്ഞു. 20 സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്താണ് ഒന്നാമത്, 25 സെഞ്ചുറികള്‍.
- ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്. നിലവിലെ കളിക്കാരില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മാത്രമാണ് കോഹ്ലിക്ക് ഒപ്പമുള്ളത്.
- ഇന്ത്യയില്‍ വച്ച് നടന്ന 24 ടെസ്റ്റ് മത്സരങ്ങളില്‍ വിജയിക്കാന്‍ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു.
- ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലാണ്.
- നായകനെന്ന നിലയിലെ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് കോഹ്ലി. ഗ്രെഗ് ചാപ്പലാണ് സമാന നേട്ടം കോഹ്ലിക്ക് മുന്‍പ് കൈവരിച്ചിട്ടുള്ളത്.
Also Read: കോഹ്ലിയോ ശ്രേയസോ, മൂന്നാം സ്ഥാനത്ത് ആരെത്തും; ഗവാസ്കര്‍ പറയുന്നു