ന്യൂഡൽഹി: ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും മുതിര്‍ന്ന താരം യുവരാജ് സിംഗും ഒത്തുകളി നടത്തിയെന്ന് കേന്ദ്രമന്ത്രി. സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെയാണ് വിവാദ ആരോപണവുമായി രംഗത്തെത്തിയത്.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരുതാരങ്ങളും എങ്ങനെ ഫൈനലില്‍ മാത്രം നിറംമങ്ങിയെന്നും അദ്ദേഹം സംശയം ഉന്നയിച്ചു. 180 റണ്‍സിനാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. പാക്കിസ്ഥാൻ ഉയർത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
“പാക്കിസ്ഥാനെതിരായ മത്സരങ്ങളില്‍ വിരാട് കോഹ്ലി സെഞ്ചുറി അടിക്കുന്നതാണ് മുമ്പ് നമ്മള് കണ്ടിട്ടുളളത്. യുവരാജ് സിംഗും ഒരുപാട് റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരാട്ടത്തില്‍ തോല്ക്കാന് വേണ്ടി എന്നപോലെയാണ് അവര്‍ കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2009ന് ശേഷം പാക്കിസ്ഥാന് നേടിയ ആദ്യ ഐസിസി ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുംബ്ലെയുടെ പരിശീലനം ഉണ്ടായിട്ടും നിറംമങ്ങിയ പ്രകടനം കോഹ്ലി കാഴ്ച്ചവെച്ചതാണ് ഈ സംശയം താന്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.