ലണ്ടൻ: റെക്കോഡുകളുടെ കളിത്തോഴനായ വിരാട് കോഹ്‌ലിയുടെ പേരിലിതാ മറ്റൊരു റെക്കോഡ് കൂടി. അതിവേഗം 8000 റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് വിരാട് കോഹ്‌ലി ഇന്ന് നേടിയത്. ചാമ്പ്യൻസ് ട്രോഫി സെമി​ഫൈനലിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിലാണ് കോഹ്‌ലി പുതിയ റെക്കോഡ് നേട്ടം കൈവരിച്ചത്.

175 മത്സരങ്ങളിൽ നിന്നാണ് വിരാട് കോഹ്‌ലി 8000 റൺസ് നേടിയത്. 182 മത്സരത്തിൽ നിന്ന് 8000 റൺസ് നേടിയ എബി ഡിവില്ലിയേഴ്സിന്റെ റെക്കോഡാണ് വിരാട് കോഹ്‌ലി പഴങ്കഥയാക്കിയത്. 200 മത്സരങ്ങളിൽ നിന്ന് 8000 ക്ലബിൽ എത്തിയ ഗാംഗുലിയും 210 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിൻ ടെൻഡുൽക്കറുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്.

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ 78 പന്തിൽ നിന്നാണ് വിരാട് കോഹ്‌ലി 96 റൺസ് നേടിയത്. 13 ഫോറുകൾ ഉൾപ്പടെയാണ് വിരാട് കോഹ്‌ലി 96 റൺസ് നേടിയത്. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ഇന്നിങ്ങ്സിന്റെ പിൻബലത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകർത്തത്.

ഇന്ന് നടന്ന രണ്ടാം സെമിയിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്ത് ശർമ്മയുടെ സെഞ്ചുറി മികവിലാണ് അനായാസ വിജയം നേടിയത്. വിരാട് കോഹ്‌ലി 96 റൺസും നേടി.

ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. 2007ലെ ട്വന്റി-20 ലോകകപ്പിലേറ്റ പരാജയത്തിന് പകരം വീട്ടാനായിരിക്കും പാക്കിസ്ഥാൻ ഇറങ്ങുക. യുവനിരയുടെ ആവേശവും ചോരത്തിളപ്പും തന്നെയാണ് പാക്കിസ്ഥാന്റെ കരുത്ത്. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് പേരുകേട്ട താരങ്ങൾ തന്നെയാണ് കരുത്ത്. ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook