മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്‌ലിക്ക് ഏകദേശം ഒരു ദശാബ്ദക്കാലം കളിക്കാനാകുമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറി എന്ന റെക്കോർഡ് തകർക്കാൻ 34 വയസ്സുള്ള കോഹ്‌ലിക്ക് കഴിയും.
“43 വയസ്സ് വരെ കളി തുടരാൻ ഞാൻ വിരാടിനോട് അഭ്യർത്ഥിക്കുന്നു, നിങ്ങൾക്ക് എട്ടോ ഒമ്പതോ വർഷം കൂടി മുൻപിലുണ്ട്. ഇന്ത്യ നിങ്ങളെ വീൽചെയറിലും കളിക്കാൻ പ്രേരിപ്പിക്കും. അവർ നിങ്ങളെ 100 സെഞ്ചുറികളിലെത്തിക്കും. വിരമിക്കുമ്പോഴേക്കും 110 സെഞ്ചുറികളെങ്കിലും കോഹ്‌ലി നേടുമെന്ന് എനിക്ക് തോന്നുന്നു,” ലെജൻഡ്സ് ലീഗ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ദോഹയിൽ എത്തിയ അക്തർ പറഞ്ഞു.
നിലവിൽ 46 ഏകദിന സെഞ്ച്വറി ഉൾപ്പടെ എല്ലാ ഫോർമാറ്റുകളിലും കൂടി 75 സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയിട്ടുള്ളത്. കോഹ്‌ലി അക്തറിന്റെ കാലഘട്ടത്തിൽ കളിച്ചിരുന്നെങ്കിൽ, ഈ കാലയളവിനുള്ളിൽ ഇത്രയധികം സെഞ്ചുറികൾ നേടാനാകില്ലായിരുന്നു. കാരണം ഇപ്പോഴത്തെ പോലെ ബാറ്റ്സ്മാനിന് അനുകൂലമായിരുന്നില്ല, അന്നത്തെ കളികളുടെ രീതി. അക്തർ മാത്രമല്ല, വസീം അക്രം, വഖാർ യൂനിസ് എന്നിവരാൽ കോഹ്‌ലി കൂടുതൽ സ്ലെഡ്ജ് (എതിർ കളിക്കാരനെ ബോധപൂർവ്വം കളിയാക്കുകയോ വാക്കാൽ അപമാനപ്പെടുത്തുകയോ ചെയ്യുക) ചെയ്യപ്പെടുമായിരുന്നു.
വളരെ കാലത്തിനുശേഷം, അടുത്തിടെയാണ് കോഹ്‌ലി മൂന്നു ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്നത്. ഈ മാസം ആദ്യം അഹമ്മദാബാദിൽ നടന്ന അവസാന ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 186 റൺസ് മൂന്നു വർഷത്തിനിടെ ടെസ്റ്റ് ഫോർമാറ്റിലെ ആദ്യത്തേതാണ്.
“ഞാനും വഖാറും (യൂനിസ്) വസീം ഭായിയും (അക്രം) ഞങ്ങളുടെ ഏറ്റവും നല്ല ഫോമിലായിരുന്നെങ്കിൽ സെഞ്ച്വറി നേടുക എന്നത് വിരാടിന് കഠിനമായി മാറിയേനെ. ഞങ്ങൾ ഒരുപാട് സ്ലെഡ്ജ് ചെയ്യാറുണ്ട്. പഞ്ചാബി ആയതിനാൽ വിരാട് അതിനു പ്രതികരിക്കുമായിരുന്നു,”അക്തർ പറഞ്ഞു.
90കളിൽ കോഹ്‌ലി കളിച്ചിരുന്നെങ്കിൽ, ഇത്രയധികം സെഞ്ച്വറികൾ ലഭിക്കില്ലായിരുന്നുവെന്ന് ഈ പാകിസ്ഥാൻ പേസർ കരുതുന്നു. കാരണം ഏകദിന ഇന്റർനാഷണൽ ഇന്നിംഗ്സിൽ ഒരു വെളുത്ത പന്ത് മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. കൂടാതെ 30 യാർഡ് സർക്കിളിന് പുറത്ത് അനുവദിച്ചിരിക്കുന്ന ഫീൽഡർമാരുടെ എണ്ണത്തിലും മാറ്റമുണ്ട്. ഏകദിന ഇന്നിംഗ്‌സിനിടെ ഒരു പന്ത് മാത്രം ഉപയോഗിക്കുമ്പോൾ, കളിയുടെ അവസാന ഘട്ടത്തിൽ അത് മൃദുലമാവുകയും അതിന്റെ നിറം മാറുകയും ചെയ്തിരുന്നു.
“ഞങ്ങളുടെ കാലത്ത് കളിച്ചിരുന്നെങ്കിൽ, കോഹ്‌ലിക്ക് ഈ 70-ഓളം സെഞ്ച്വറികൾ നേടാൻ സാധിക്കില്ലായിരുന്നു. 30-50 സെഞ്ച്വറികൾ നേടിയേനെ. സുനിൽ ഗവാസ്‌കറാണ് എല്ലാവരേക്കാളും മഹാനായ താരമെന്ന് ഞങ്ങൾക്ക് വ്യക്തിപരമായി തോന്നുന്നു. പ്രത്യേകിച്ചും 80കളിലെ ബോളർമാരെ അദ്ദേഹം നേരിട്ടപ്പോൾ. കളിക്കാൻ ഏറ്റവും പ്രയാസമുള്ള ബോളർമാരായിരുന്നു ആ കാലഘട്ടത്തിലുണ്ടായിരുന്നത്. 34-ഓളം സെഞ്ച്വറികളാണ് അന്ന് ഗവാസ്‌കർ നേടിയത്. ബോളർമാർക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത, ഞങ്ങളുടെ കാലത്തെ ബോളിങ്ങ് നേരിട്ടതിനാൽ സച്ചിനും മികച്ച കളിക്കാരനാണ്.
ക്രിക്കറ്റിന് പാകിസ്ഥാൻ സുരക്ഷിതമാണ്
രാഷ്ട്രീയ സംഘർഷങ്ങൾ കാരണം, കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ ഏഷ്യാ കപ്പിനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം നല്ലതാണെന്നും വിദേശ ക്രിക്കറ്റ് താരങ്ങൾക്ക് പാകിസ്ഥാൻ സുരക്ഷിത രാജ്യമാണെന്നും അക്തർ പറഞ്ഞു.
“ ഇന്ത്യയുടെയും പാക്കിസ്ഥാനിലെയും സർക്കാരുകളുടെ ബന്ധം ഇപ്പോൾ പഴയതുപോലെയല്ല. രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും നല്ലതല്ല, എന്നാൽ ആളുകൾ തമ്മിലുള്ള ബന്ധം നല്ലതാണ്. പാക്കിസ്ഥാനിൽ കളിക്കുന്നത് സുരക്ഷിതമല്ലെന്ന് ആർക്കെങ്കിലും എങ്ങനെ പറയാൻ കഴിയും. ഞങ്ങൾ എട്ട് പിഎസ്എൽ (പാകിസ്ഥാൻ സൂപ്പർ ലീഗ്) നടത്തി. ഇംഗ്ലണ്ടും ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസും വന്നു, ഇനിയെന്തു വേണം? ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ്. ഭാവിയിൽ രണ്ട് സർക്കാരുകളും ഒരേ രീതിയിൽ ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രണ്ടോ മൂന്നോ വർഷത്തിനു ശേഷം , പ്രധാനമന്ത്രി മോദി സാഹേബ് ലാഹോറിലെത്തും,”അക്തർ പറയുന്നു.