ഡൽഹി: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീം തയ്യാറെന്ന് നായകന് വിരാട് കോഹ്ലി. ലോകകപ്പിനുള്ള ടീം തയ്യാറാണ്, ഇനി സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ മാത്രമായിരിക്കും ടീമില്‍ ഉണ്ടാകുകയെന്നും കോഹ്ലി പറഞ്ഞു.
ടൂര്‍ണമെന്റിനായുള്ള അവസാന ഇലവനെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഒരു പൊസിഷനെ കുറിച്ച് മാത്രമേ നിലവില്‍ സംശയം നിലനില്ക്കുന്നുള്ളൂ. അതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുകയാണ്. ലോകകപ്പിന്റെ സമ്മര്‍ദ്ദമുള്ളതിനാല്‍ ടീമിനെ കുറിച്ച് മികച്ച തീരുമാനമെടുക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യന്‍ നായകന് വിശദീകരിച്ചു.
ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടത്തെ കുറിച്ചും ഇന്ത്യന്‍ നായകന് പ്രതികരിച്ചു. പരമ്പരയില്‍ ഓസ്ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തു. അവര്‍ വിജയം അര്‍ഹിച്ചിരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ ഓസീസ് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നല്ല പോരാട്ടം നടത്തി. ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് തങ്ങളുടെ ചുമതലയായിരുന്നെന്നും വിരാട് കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ 3-2 നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ ലീഡ് ചെയ്തെങ്കിലും അവസാന മൂന്ന് ഏകദിനങ്ങളില്‍ ഓസീസ് മികച്ച പ്രകടനം നടത്തി തിരിച്ചുവരികയായിരുന്നു. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയായിരുന്നു ഓസ്ട്രേലിയക്കെതിരെ നടന്നത്.