ഫിറ്റ്നസിൽ വലിയ വാശിക്കാരനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ഫിറ്റ്നസ് വിട്ടൊരു കളിക്ക് വിരാട് കോഹ്ലിയെ കിട്ടില്ല. അതുകൊണ്ട് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ഫൊട്ടോകളും വർക്ക്ഔട്ട് പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അത്തരത്തിലൊരു വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് കോഹ്ലി. രണ്ട് മണിക്കൂറിനുള്ളിൽ 50 ലക്ഷത്തോളം ആളുകളാണ് വിരാട് കോഹ്ലിയുടെ വീഡിയോ കണ്ടത്.
‘സാഹചര്യങ്ങൾ മാറിയേക്കാം എന്നാൽ, നിങ്ങളുടെ ലക്ഷ്യങ്ങൾ മാറില്ല’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. നേരത്തെയും സമാന വീഡിയോയുമായി താരം ആരാധകരെ ത്രസിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് സഹതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടും കോഹ്ലി ഫിറ്റ്നസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.
Also Read: ‘ഇനി ഞങ്ങൾ മൂന്ന്’; വിരുഷ്ക ദമ്പതികൾക്ക് ആശംസകളുമായി സഹതാരങ്ങൾ
അതേസമയം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വിശേഷങ്ങളിലൊന്ന് ഇന്നലെയാണ് താരം ആരാധകരുമായി പങ്കുവച്ചത്. വിരുഷ്ക താരകുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുന്നു. ഇനി ഞങ്ങൾ മൂന്ന് പേർ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും സന്തോഷ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. അടുത്ത ജനുവരിയിൽ കുഞ്ഞെത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യൻ പ്രിമീയർ ലീഗിനായി യുഎഇയിലാണ് താരമിപ്പോൾ. വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. വലിയ താരനിരയാണ് ഇത്തവണയും ടീമിലുള്ളത്. ബാറ്റിങ്ങിനെ സന്തുലിതമാക്കുന്ന ബോളിങ് നിരയെയും ഇത്തവണ ടീമിലെത്തിക്കാൻ മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട്. ഒരു ഐപിഎൽ കിരീടം പോലും നേടാനാകാത്ത കുറവ് ഇത്തവണ കോഹ്ലിക്ക് തിരുത്തിയെവുതേണ്ടതുണ്ട്.