ദുബായ്: ഐസിസി അവാര്‍ഡുകളില്‍ ചരിത്രം കുറിച്ച് വിരാട് കോഹ്ലി. പ്രധാനപ്പെട്ട മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കിയാണ് ഇന്ത്യന്‍ നായകന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം കരസ്ഥമാക്കിയത്. ഐസിസിയുടെ പോയ വര്‍ഷത്തെ പുരുഷ താരം, ടെസ്റ്റ് താരം, ഏകദിന താരം എന്നീ അവാര്‍ഡുകളാണ് കോഹ്ലി നേടിയത്.

ഈ മൂന്ന് നേട്ടങ്ങളും ഒരുമിച്ച് നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് കോഹ്ലി. കൂടാതെ ഐസിസിയുടെ ഏകദിന-ടെസ്റ്റ് ടീമുകളുടെ നായകനും കോഹ്ലിയാണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഒരു താരം ഇത്രയും ആധിപത്യം നേടുന്നത് ഇതാദ്യമാണ്. സമാനതകളില്ലാത്ത കുതിപ്പായിരുന്നു വിരാട് പോയ വര്‍ഷം കാഴ്ച്ചവച്ചത്.

കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റുകളില്‍ നിന്നുമായി 1322 റണ്‍സാണ് വിരാട് നേടിയത്. 55.08 ആണ് ആവറേജ്. അഞ്ച് സെഞ്ചുറിയും നേടി. 14 ഏകദിനം കളിച്ചപ്പോള്‍ 1202 റണ്‍സ് നേടിയ കോഹ്ലി ആറ് സെഞ്ചുറിയും നേടി. 133.55 ആവറേജുണ്ട് കോഹ്ലിക്ക്. 10 ട്വന്റി-20യില്‍ നിന്നും 211 റണ്‍സും നേടി.

ടെസ്റ്റ്-ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിലും ഒന്നാമത് കോഹ്ലിയാണ്. ടെസ്റ്റില്‍ 1000 ല്‍ പരം റണ്‍സ് നേടിയ രണ്ട് താരങ്ങളിലൊരാളും ഏകദിനത്തില്‍ 1000 ല്‍ പരം റണ്‍സ് നേടിയ മൂന്ന് താരങ്ങളിലൊരാളുമാണ് കോഹ്ലി.

കോഹ്ലിയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുമായിരുന്നു ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്റെ അവസാന ഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ വിരാടിന്റെ പേര് തിരഞ്ഞൈടുക്കുന്നതില്‍ അധികൃതര്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഏകദിന താരത്തിനുള്ള പുരസ്‌കാരത്തില്‍ രണ്ടാമതെത്തിയത് അഫ്ഗാന്‍ താരം റാഷിദ് ഖാനായിരുന്നു.

നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഇനിയും മുന്നോട്ട് പോകാന്‍ ഇത് ഊര്‍ജ്ജമായി മാറുമെന്നും വിരാട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കഠിന പ്രയത്‌നത്തിനുള്ള പാരിതോഷികം എന്നാണ് വിരാട് നേട്ടത്തെ വിശേഷിപ്പിച്ചത്. തനിക്കൊപ്പം ടീമും നന്നായി കളിക്കുന്നുവെന്നതും സന്തോഷകരമാണെന്ന് വിരാട് പറഞ്ഞു.

കളിക്കളത്തിലെ മാന്യതക്കുള്ള സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ നേടി. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ വിജയമാണ് പോയ വര്‍ഷത്തെ ഫാന്‍സ് മൊമന്റ്. ഇന്ത്യന്‍ താരോദയം ഋഷഭ് പന്താണ് എമേര്‍ജിങ് പ്ലെയര്‍. ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം 2018 ല്‍ പന്ത് നേടിയിരുന്നു. സ്‌കോട്ടലാന്റ് താരം കാലം മക്ലിയോഡ് ആണ് അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook