ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ടീം ഇന്ത്യ തോറ്റാൽ വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിയുമെന്നാണ് താൻ കരുതുന്നതെന്ന് ഇംഗ്ലണ്ട് മുൻ താരം മോണ്ടി പനേസർ. “കോഹ്‌ലി വലിയ സമ്മർദത്തിലാണ്. കഴിഞ്ഞ മത്സരങ്ങളിൽ കോഹ്‌ലിക്ക് ഇന്ത്യയെ ജയിപ്പിക്കാൻ സാധിച്ചില്ല. ഇതേ കാലയളവിൽ ക്യാപ്റ്റൻ എന്ന നിലയിൽ അജിങ്ക്യ രഹാനെ കഴിവ് തെളിയിക്കുകയും ചെയ്തു. ഇത് കോഹ്‌ലിയുടെ സമ്മർദം ഇരട്ടിപ്പിക്കുന്നു. അതിനാൽ, രണ്ടാം ടെസ്റ്റിലും ഇന്ത്യ തോറ്റാൽ കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞേക്കും,” ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പനേസർ പറഞ്ഞു.
“കോഹ്‌ലി എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാൻമാരിൽ ഒരാളാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷേ, അദ്ദേഹത്തിനു കീഴിൽ ഇന്ത്യൻ ടീം കഴിഞ്ഞ കുറച്ച് നാളുകളായി മോശം പ്രകടനമാണ് നടത്തുന്നത്. കോഹ്‌ലിയുടെ ക്യാപ്‌റ്റൻസിക്ക് കീഴിൽ കളിച്ച അവസാന നാല് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയുടെ പ്രകടനം പരിശോധിക്കാം. കോഹ്‌ലി സമ്മർദത്തിലാണ്. രഹാനെ ക്യാപ്‌റ്റൻസിയിൽ മികവ് തെളിയച്ചതോടെ അദ്ദേഹം കൂടുതൽ സമ്മർദത്തിലാകുന്നു,” ഇംഗ്ലണ്ട് മുൻ സ്‌പിന്നർ പറഞ്ഞു.
ചെന്നെെ ടെസ്റ്റിൽ ഇംഗ്ലണ്ട് നേടിയ വിജയം അവിശ്വസനീയമെന്നാണ് പനേസർ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ടീം വലിയ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ജോ റൂട്ട് ടീമിനെ മുന്നിൽ നിന്നു നയിച്ചത് പ്രത്യേകം എടുത്തുപറയണം. ടീം അംഗങ്ങളെല്ലാം തങ്ങൾക്ക് കഴിയുന്ന വിധം ഈ വിജയത്തിൽ പങ്കുവഹിച്ചു. ഈ വിജയം ഒരുപാട് വർഷത്തേക്ക് ആഘോഷിക്കപ്പെടുമെന്നും പനേസർ പറഞ്ഞു.
തുടർച്ചയായി നാലാം ടെസ്റ്റ് മത്സരത്തിലാണ് ടീം ഇന്ത്യ കോഹ്‌ലിക്ക് കീഴിൽ തോൽക്കുന്നത്. നായക സ്ഥാനത്ത് ഇരിക്കുമ്പോൾ കോഹ്‌ലിക്ക് ബാറ്റിങ് സമ്മർദം നേരിടേണ്ടിവരുന്നുണ്ടെന്നും അതിനാൽ രഹാനെയെ നായകനാക്കി കോഹ്‌ലിക്ക് ബാറ്റിങ് ശ്രദ്ധിക്കാൻ കൂടുതൽ സമയം നൽകണമെന്നും നേരത്തെ ആവശ്യമുയർന്നിരുന്നു.