ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ നിരവധി മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുണ്ടായത്. വിരാട് കോഹ്ലിയില് നിന്ന് നായക സ്ഥാനം രോഹിത് ശര്‍മയിലേക്ക് എത്തി. രാഹുല്‍ ദ്രാവിഡ് മുഖ്യപരിശീലകന്റെ റോളില്‍ വന്നു. പുതിയൊരു യുഗത്തിന് തന്നെ തുടക്കമായിരിക്കുകയാണ്.
എന്നിരുന്നാലും, നിലവിലെ ഇന്ത്യൻ ടീമിൽ പ്രശ്നങ്ങളുണ്ടെന്നും ഇതാണ് നായകസ്ഥാനം ഒഴിയാന്‍ കോഹ്ലിയെ പ്രേരിപ്പിച്ചതെന്നുമാണ് മുൻ പാകിസ്ഥാൻ സ്പിന്നർ മുഷ്താഖ് അഹമ്മദ് അവകാശപ്പെടുന്നത്. ട്വന്റി 20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് കോഹ്ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
“നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള ഒരാള്‍ സ്ഥാനം ഒഴിയുന്നു എന്ന് പറയുമ്പോള്‍ അതിനര്‍ഥം ഡ്രെസിങ് റൂമില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്നാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒന്ന് മുംബൈ രണ്ട് ഡല്‍ഹി,” മുഷ്താഖ് ജിയോ ന്യൂസ് ചാനലിനോട് പറഞ്ഞു.
“അന്താരാഷ്ട്ര ട്വന്റി 20യില്‍ നിന്ന് കൊഹ്ലി വിരമിക്കുമെന്ന് തോന്നുന്നു. നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം അതിന്റെ സൂചനയാണ്. പക്ഷെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കോഹ്ലി തുടര്‍ന്നേക്കാം,” മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഇന്ത്യ നേരിട്ട തിരിച്ചടിക്ക് കാരണം ഐപിഎല്ലാണെന്നും മുന്‍ പാക്കിസ്ഥാന് താരം ചൂണ്ടിക്കാണിച്ചു. “ഇന്ത്യന്‍ താരങ്ങള്‍ ദീര്‍ഘനാളുകളായി ബയോ ബബിളില്‍ തുടരുകയാണ്. ലോകകപ്പിനെത്തിയപ്പോള്‍ അവര്‍ ക്ഷീണിതരായിരുന്നു,” മുഷ്താഖ് വ്യക്തമാക്കി.