കരിയറിലെ മികച്ച ഫോമിലാണ് വിരാട് കോഹ്‌ലി. അഡ്‌ലെയ്ഡ് ഏകദിനത്തിൽ ഏകദിന കരിയറിലെ 39-ാം സെഞ്ചുറിയാണ് കോഹ്‌ലി തികച്ചത്. കരിയറിൽ ഇപ്പോഴത്തെ ഫിറ്റ്നസ് നിലനിർത്തിയാൽ രാജ്യാന്തര മത്സരത്തിൽ കോഹ്‌ലി 100 സെഞ്ചുറി തികയ്ക്കുമെന്ന് പ്രവചിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ.

”വിരാട് കോഹ്‌ലിയുടെ സ്ഥിരത വളരെ മികച്ചതാണ്. ഈ ഫിറ്റ്നസ് തുടർന്നാൽ 100 സെഞ്ചുറി എന്ന നേട്ടത്തിലെത്തും. ഇതിനോടകം തന്നെ നിരവധി താരങ്ങളെ കോഹ്‌ലി പിന്നിലാക്കിയിട്ടുണ്ട്. അയാൾ മികച്ചൊരു കളിക്കാരനാണ്,” മുഹമ്മദ് അസറുദ്ദീൻ ആജ് തക്കിനോട് പറഞ്ഞു.

Read: അതിവേഗം സച്ചിന് പിന്നാലെ കുതിച്ച് കോഹ്‍ലി; ഏകദിനത്തിൽ പുതിയ നേട്ടവുമായി ഇന്ത്യൻ നായകൻ

മത്സരത്തിലെ ധോണിയുടെ ബാറ്റിങ് മികവിനെയും അസറുദ്ദീൻ അഭിനന്ദിച്ചു. ”വിരാട് കോഹ്‌ലി മാത്രമല്ല ധോണിയും മികച്ച രീതിയിലാണ് കളിച്ചത്. അവസാന ഓവറുകളിൽ ക്ഷീണിതനായെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ധോണി പിടിച്ചുനിന്നു. ദിനേശ് കാർത്തിക്കും നല്ല പ്രകടനമാണ് നടത്തിയത്. മൊത്തത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം നല്ലതായിരുന്നു,” അസറുദ്ദീൻ പറഞ്ഞു.

രണ്ടാം മത്സരത്തിൽ തുടക്കത്തിൽ ശിഖർ ധവാനെയും പിന്നാലെ ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രോഹിതിനെയും നഷ്ടപ്പെട്ട ഇന്ത്യയെ വിജയക്കരയ്ക്ക് എത്തിച്ചത് കോഹ്‍ലിയുടെ സെഞ്ചുറി പ്രകടനമാണ്. 112 പന്തിൽ നിന്ന് 104 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. രണ്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കോഹ്‍ലിയുടെ ഇന്നിങ്സ്.

Read: ‘കോഹ്‌ലി തുടങ്ങിയത് ധോണി ഫിനിഷ് ചെയ്തു’; അഡ്‌ലെയ്ഡില്‍ ഇന്ത്യ, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

കരിയറിലെ 39-ാം സെഞ്ചുറിയാണ് കോഹ്‍ലി തികച്ചത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ സെഞ്ചുറി നേട്ടം മറികടക്കാൻ അതിവേഗം കുതിയ്ക്കുകയാണ് കോഹ്‍ലി. സച്ചിൻ 350 ഇന്നിങ്സിൽ നിന്നാണ് സച്ചിൻ 39 സെഞ്ചുറികൾ തികച്ചത്. എന്നാൽ ഈ നേട്ടത്തിലെത്താൻ കോഹ്‍ലിക്ക് വേണ്ടി വന്നത് കേവലം 210 ഇന്നിങ്സുകൾ മാത്രമാണ്. ടെസ്റ്റിൽ 25 സെഞ്ചുറികളാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ