ഇന്ത്യൻ ക്രിക്കറ്റിന്റെ മറുപേരാണ് ഇപ്പോൾ വിരാട് കോഹ്‌ലി. ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതോടൊപ്പം ബാറ്റെടുക്കുന്ന ഓരോ മത്സരത്തിലും വ്യക്തിഗത റെക്കോർഡുകളും തിരുത്തിയെഴുതുന്നു ഇന്ത്യൻ നായകൻ. സച്ചിന്റെ റെക്കോർഡുകൾ ഒന്നൊന്നായി മറികടക്കുകയാണ് താരം. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരെ ശൈലിയിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന താരം ഏകദിന – ടെസ്റ്റ് റാങ്കിങ്ങുകളിൽ ഒന്നാം സ്ഥാനത്താണ്.

സമകലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഫോമിലും ഫിറ്റ്നസിലും ശ്രദ്ധാലുവായ കോഹ്‌ലിക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ സാധിക്കുമെന്ന കാര്യത്തിലും ആർക്കും സംശയമുണ്ടാകില്ല. അത്തരത്തിൽ ക്രിക്കറ്റിലെ റെക്കോർഡുകൾ പലതും കോഹ്‌ലിക്കായി കാത്തിരിക്കുകയാണ്, അതിൽ മിക്കതും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടേതാണ്.

Also Read: ‘യഥാർത്ഥ നായകൻ’; എം.എസ്.ധോണിയുടെ റെക്കോർഡിനൊപ്പമെത്താൻ കോഹ്‌ലി

എന്നാൽ സച്ചിന്റെ ഒരു റെക്കോർഡ് മാത്രം കോഹ്‌ലിക്ക് തകർക്കാൻ പറ്റില്ലെന്നാണ് മുൻസഹതാരം കൂടിയായിരുന്ന വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ് പറയുന്നത്.സച്ചിന്റെ മറ്റേത് റെക്കോർഡും തകർക്കാൻ കോഹ്‌ലിക്കും സാധിക്കുമെന്നും എന്നാൽ ഒരു റെക്കോർഡ് മാത്രം സച്ചിന് അവകാശപ്പെട്ടതാണെന്ന് സേവാഗ് പറഞ്ഞു.

“ഇപ്പോൾ വിരാട് കോഹ്‌ലിയാണ് മികച്ച ബാറ്റ്സ്മാൻ. റൺസ് നേടുന്ന കാര്യത്തിലും സെഞ്ചുറി തികയ്ക്കുന്ന കാര്യത്തിലുമെല്ലാം കോഹ്‌ലിയാണ് മികച്ചത്. സച്ചിന്റെ പല റെക്കോർഡുകളും തിരുത്താൻ കോഹ്‌ലിക്ക് സാധിക്കും. എന്നാൽ 200 ടെസ്റ്റ് മത്സരങ്ങളെന്ന സച്ചിന്റെ റെക്കോർഡ് മാത്രം ആർക്കും തിരുത്താൻ സാധിക്കില്ല,” സോവാഗ് പറഞ്ഞു.

എന്നാൽ സച്ചിന്റെ സെഞ്ചുറികളുടെ റെക്കോർഡ് അനായാസം മറികടക്കാൻ കോഹ്‌‌ലിക്ക് സാധിക്കും. സച്ചിൻ 200 മത്സരങ്ങളിൽ നിന്ന് 51 സെഞ്ചുറികൾ നേടിയപ്പോൾ 77 മത്സരങ്ങളിൽ നിന്നാണ് വിരാട് കോഹ്‌ലി 25 സെഞ്ചുറികൾ തികച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook