ഹാമിൽട്ടൺ: റൺമെഷീൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കുക എല്ലാ ബോളർമാരുടെയും ഒരു ആഗ്രഹമാണ്. കോഹ്ലിയുടെ വിക്കറ്റ് നേടുന്നത് വലിയ നേട്ടമായി കാണുന്ന നിരവധി ബോളർമാരുണ്ട്.
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് നേടി. നായകൻ വിരാട് കോഹ്ലി ഇന്ത്യയ്ക്കുവേണ്ടി അർധ സെഞ്ചുറി നേടി. കിവീസ് ബോളർ ഇഷ് സോധിയാണ് കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്. സോധിയുടെ പന്തിൽ കോഹ്ലി ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു.
എന്നാൽ, തന്റെ വിക്കറ്റ് പോയ കാര്യം കോഹ്ലിക്ക് തന്നെ വിശ്വസിക്കാനായില്ല. ലെഗ് സ്പിന്നറായ സോധി എറിഞ്ഞ 28-ാം ഓവറിലെ നാലാം പന്തിലാണ് കോഹ്ലിയുടെ വിക്കറ്റ് തെറിക്കുന്നത്. സോധി എറിഞ്ഞ പന്ത് ഇൻസെെഡ് എഡ്ജ് ആകുകയായിരുന്നു. പിന്നീട് ബെയ്ൽ തെറിച്ചു. കോഹ്ലിക്കു മാത്രമല്ല കളി കണ്ടുകൊണ്ടിരിക്കുന്ന ആർക്കും ഇത് വിശ്വസിക്കാൻ സാധിച്ചില്ല.
https://t.co/dHSv8tKaxu
— Nishant Barai (@barainishant) February 5, 2020
വിക്കറ്റ് പോയ കാര്യം വിശ്വസിക്കാൻ കോഹ്ലിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. ഏതാനും സെക്കൻഡുകൾ കോഹ്ലി ക്രീസിൽ തന്നെ നിന്നു. ക്രീസിൽ അന്തംവിട്ടു നിൽക്കുന്ന കോഹ്ലിയെ വീഡിയോയിൽ കാണാം.
അതേസമയം, ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 347 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി ശ്രേയസ് അയ്യർ സെഞ്ചുറി നേടി. ഏകദിന കരിയറിലെ കന്നി സെഞ്ചുറിയാണ് ശ്രേയസ് അയ്യർ ഇന്ന് ഹാമിൽട്ടനിൽ നേടിയത്. 107 പന്തിൽ നിന്ന് 103 റൺസാണ് അയ്യർ നേടിയത്. 11 ഫോറും ഒരു സിക്സും അടക്കമാണ് അയ്യരുടെ സെഞ്ചുറി. കരിയറിലെ 16-ാം ഏകദിന മത്സരത്തിലാണ് ശ്രേയസ് അയ്യർ ആദ്യ മൂന്നക്കം തികയ്ക്കുന്നത്. ഇതുവരെ ഏഴ് അർധ സെഞ്ചുറികൾ അയ്യർ നേടിയിട്ടുണ്ട്.
കെ.എൽ.രാഹുൽ 64 പന്തിൽ നിന്ന് 88 റൺസുമായി പുറത്താകാതെ നിന്നു. ആറ് സിക്സും മൂന്ന് ഫോറും അടക്കമാണ് രാഹുൽ 88 റൺസ് അടിച്ചുകൂട്ടിയത്. നായകൻ വിരാട് കോഹ്ലി 63 പന്തിൽ നിന്ന് 51 റൺസ് നേടി പുറത്തായി. കേദാർ ജാദവ് 16 പന്തിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്നു.
ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ്. ഇരുവരുടെയും കന്നി ഏകദിനമാണ് ഹാമിൽട്ടനിൽ നടക്കുന്നത്. പൃഥ്വി ഷാ 20 റൺസും മായങ്ക് അഗർവാൾ 32 റൺസും നേടിയാണ് പുറത്തായത്. ഓപ്പണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർ പരുക്ക് മൂലം വിശ്രമത്തിലാണ്. സ്റ്റാർ സ്പോർട്സ് 1 ൽ മത്സരം തത്സമയം കാണാം.