ടി 20 ക്യാപ്റ്റനായി തുടരണമെന്ന് വിരാട് കോഹ്ലിയോട് ബിസിസിഐയും സെലക്ടർമാരും അഭ്യർത്ഥിച്ചിരുന്നുവെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. ടി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന കോഹ്ലിയുടെ വാക്കുകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ശർമ്മ ഇക്കാര്യം പറഞ്ഞത്.
”കോഹ്ലിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് യോഗം (സെപ്റ്റംബറിൽ) ചേർന്നപ്പോൾ എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു. യോഗത്തിൽ പങ്കെടുത്തവരെല്ലാം വിരാടിനോട് തീരുമാനത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കാൻ ആവശ്യപ്പെട്ടു. കോഹ്ലിയുടെ തീരുമാനം (ടീമിനെ) ലോകകപ്പിനെ ബാധിക്കുമെന്ന് ഞങ്ങൾക്ക് ആ സമയത്ത് തോന്നി, ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ‘ദയവായി ക്യാപ്റ്റനായി തുടരൂ’ എന്ന് വിരാടിനോട് പറഞ്ഞു. എല്ലാവരും കോഹ്ലിയോട് ഇതേ കാര്യം പറഞ്ഞതാണ്. കൺവീനർ ഉണ്ടായിരുന്നു. ബോർഡ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. പക്ഷേ കോഹ്ലി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു, ഞങ്ങൾ അതിനെ മാനിച്ചു,” ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമാകുമെന്ന് സെലക്ടർമാർ കോഹ്ലിയോട് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് വൈറ്റ്-ബോൾ ഫോർമാറ്റിൽ ഒരു ക്യാപ്റ്റൻ മാത്രം മതിയെന്ന് വിരാടിനോട് പറയാനുള്ള ശരിയായ സമയമായിരുന്നില്ല (ടി20 ലോകകപ്പിനുള്ള സെലക്ഷൻ മീറ്റിംഗ്) അതെന്നായിരുന്നു ശർമ്മയുടെ മറുപടി. ”ഞങ്ങൾ ലോകകപ്പിന് പോവുകയാണ്. ”ടി 20 നായകസ്ഥാനം ഒഴിഞ്ഞാൽ ഏകദിന ക്യാപ്റ്റൻസിയും നഷ്ടമാകുമെന്ന് കോഹ്ലിയോട് പറയാനുള്ള സമയമായിരുന്നില്ല അത്. എല്ലാവരും (സെലക്ടർമാരും ബിസിസിഐ ഉദ്യോഗസ്ഥരും) ലോകകപ്പിനുശേഷം കോഹ്ലിയുടെ തീരുമാനം മാറ്റണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.”
രണ്ടു ക്യാപ്റ്റൻമാർ വേണ്ടെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനമെടുത്ത ഉടൻ ഞാൻ വിരാടിനെ വിളിച്ചു. അതൊരു ടെസ്റ്റ് സെലക്ഷൻ മീറ്റിങ്ങായിരുന്നു. അതിനുശേഷം ഉടൻ തന്നെ, 5 മണിക്ക് ഒരു വൈറ്റ്-ബോൾ ക്യാപ്റ്റനേ ഉണ്ടാകൂവെന്ന് ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ഒന്നുരണ്ടു ചോദ്യങ്ങൾ ഉണ്ടായിരുന്നു, ഞങ്ങൾ നല്ല സംഭാഷണം നടത്തി. സെലക്ഷൻ മീറ്റിങ് അദ്ദേഹത്തെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ലെന്നും ശർമ്മ പറഞ്ഞു.
ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് ബിസിസിഐ പറഞ്ഞിട്ടില്ലെന്നാണ് വിരാട് കോഹ്ലി വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.
“ടി20 നായകസ്ഥാനം ഉപേക്ഷിക്കും മുൻപ് ഞാൻ ബിസിസിഐയോട് പറഞ്ഞിരുന്നു. എന്റെ കാഴ്ചപ്പാട് അവരോട് പറഞ്ഞു. ബിസിസിഐ അത് നന്നായി സ്വീകരിച്ചു. ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. പുരോഗമനപരമായ തീരുമാനം എന്നാണ് പറഞ്ഞത്. ഞാൻ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്ന് അവരോട് പറഞ്ഞു.” ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കോഹ്ലി പറഞ്ഞു.
Read More: ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് പറഞ്ഞിട്ടില്ല; ഗാംഗുലിയെ തള്ളി കോഹ്ലി