അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം വേണമെന്ന അവശ്യവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ഇന്ത്യൻ പേസർമാർ ഐപിഎല്ലിൽ കളിക്കേണ്ട എന്ന നിർദ്ദേശമാണ് വിരാട് കോഹ്‍ലി മുമ്പോട്ട് വച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ച ഉടനെ തന്നെയാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും ഉൾപ്പടെയുള്ള ഇന്ത്യൻ പേസർമാർക്ക് ഐപിഎല്ലിൽ വിശ്രമം അനുവദിക്കാനാണ് കോഹ്‍ലി നിർദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ ഫ്രഷ് ആയിട്ടും പൂർണ കായികക്ഷമതയോടും ലോകകപ്പിൽ താരങ്ങൾക്കിറങ്ങാനാകുമെന്നാണ് കോഹ്‍ലിയുടെ പക്ഷം.

സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയുമായി നടത്തിയ ചർച്ചയിലാണ് കോഹ്‍ലി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. കോഹ്‍ലിക്ക് പുറമെ പരിശീലകൻ രവി ശാസ്ത്രി, ഉപനായകൻ രോഹിത് ശർമ്മ, സെലക്ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരന്നു.

2019 മെയ് 30 മുതലാണ് ഇംഗ്ലണ്ടിൽ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വേദിയും മത്സരക്രമവും സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നും ആയിട്ടില്ലെങ്കിലും എപ്രിൽ മാസമാകും കുട്ടിക്രിക്കറ്റ് പൂരം അരങ്ങേറുക. എന്നാൽ പുതിയ നിർദ്ദേശം ബിസിസിഐയും ഐപിഎൽ ഫ്രാഞ്ചൈസികളും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് സാധ്യത. വലിയ തുകയ്ക്കാണ് ഇന്ത്യയുടെ സ്റ്റാർ പേസർമാരെ ടീമുകൾ സ്വന്തമാക്കിയിരിക്കുന്നത്.

കോഹ്‍ലിയുടെ നിർദ്ദേശങ്ങൾ ബിസിസിഐ അംഗീകരിക്കുകയാണെങ്കിൽ വലിയ തിരിച്ചടി നേരിടുക മുംബൈ ഇന്ത്യൻസിനാകും. ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കളിക്കുന്നത് മുംബൈ നിരയിലാണ്.

കോഹ്‍ലിയുടെ നിർദ്ദേശം ബിസിസിഐ ഭരണസമിതി ഐപിഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ചർച്ച ചെയ്തു എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ഇക്കാര്യം ഫ്രാഞ്ചൈസികളുമായി സംസാരിക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. നവംബർ 15ന് താരങ്ങളുടെ കൂടുമാറ്റം നടക്കാനിരിക്കെ അതിന് മുമ്പ് അന്തിമ തീരുമാനത്തിൽ എത്തേണ്ടതുണ്ട്.

എന്നാൽ ബാറ്റ്സ്മാന്മാരുടെ കാര്യത്തിൽ കോഹ്‍ലി ഈ അവശ്യം ഉന്നയിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇന്ത്യൻ നിരയിലെ പ്രമുഖ താരങ്ങളെല്ലാം ഐപിഎൽ ടീമുകളുടെ നായകന്മാരുമാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്നെയാണ് ബാംഗ്ലൂരിനെ നയിക്കുന്നത്. രോഹിത് മുംബൈയുടെയും രഹാനെ രാജസ്ഥാന്റെയും നായകനാണ്.

അതേസമയം, ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങൾ എപ്രിൽ 30 വരെ മാത്രമേ ഐപിഎല്ലിൽ കളിക്കൂ. ലോകകപ്പ് ഒരുക്കങ്ങൾക്കായി താരങ്ങളോട് മടങ്ങി ചെല്ലണമെന്നാണ് അതാത് ക്രിക്കറ്റ് ബോർഡുകളുടെ നിർദ്ദേശം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ