മുംബൈ: ഈ വർഷം തുടര്‍ച്ചയായ മത്സരങ്ങള്‍ക്കാണ് നായകന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും കളത്തിൽ ഇറങ്ങേണ്ടി വന്നത്. ടീമിലെ പല താരങ്ങള്‍ക്കും പലപ്പോഴായി വിശ്രമം അനുവദിച്ചിരുന്നെങ്കിലും നായകന്‍ കോഹ്‌ലി ടീമിനോടൊപ്പമുണ്ടായിരുന്നു. ഇതിനിടക്കാണ് ഡിസംബറില്‍ നടക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ വിരാട് കോഹ്‌ലി വിട്ടുനിക്കുമെന്ന വാർത്തയെത്തുന്നത്. തുടര്‍ച്ചയായ മത്സര ഷെഡ്യൂളുകളില്‍ നിന്നുമാണ് കോഹ്‌ലി വിശ്രമം ആവശ്യപ്പെട്ടിരിക്കുന്നത്.

അങ്ങനെവന്നാല്‍ പുതിയ നായകന് കീഴിയിലായിരിക്കും ടീം ഇന്ത്യ കളിക്കാനിറങ്ങുക. രോഹിത്ത് ശർമയോ അജിങ്ക്യ രഹാനെയോ ആയിരിക്കും ഇന്ത്യന്‍ ടീമിന്റെ നായകനാവുക. രോഹിതിനാണ് കൂടുതൽ സാധ്യതയെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വര്‍ഷം ജൂണിനു ശേഷം മാത്രം 21 ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളും മൂന്ന് ട്വന്റി-20 മത്സരത്തിനുമാണ് കോഹ്‌ലി കളത്തിലിറങ്ങിയത്. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ നായകന് ബിസിസിഐ വിശ്രമം അനുവദിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

‘ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഡിസംബറില്‍ ടീമിനോടൊപ്പം ഉണ്ടാവാന്‍ കഴിയില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് അദ്ദേഹത്തിനു പൂർണ വിശ്രമം നല്‍കേണ്ടതായുമുണ്ട്.’ ബിസിസിഐ വക്താവ് പറഞ്ഞു.

ഓസീസിനെതിരെ ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ കോഹ്‌ലി വിട്ടു നിന്നിരുന്നു. അന്ന് അജിങ്ക്യ രഹാനെയായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ശ്രീലങ്കയോട് ടീമിനെ നയിക്കുക രോഹിതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരമ്പരയില്‍ മൂന്നു വീതം ഏകദിന, ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ