ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് നായകൻ വിരാട് കോഹ്‌ലിയാണ്. കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യൻ ലീഡ് 231 ആയി ഉയർന്നത്. 119 ബോളിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി (104 നോട്ടൗട്ട്) നേടിയത്. രാജ്യാന്തര ക്രിക്കറ്റിലെ 50-ാം സെഞ്ചുറിയാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കോഹ്‌ലി നേടിയത്. ലങ്കൻ ബോളർ ലക്മലിന്റെ സിക്സറിനു പറത്തി സെഞ്ചുറി തികച്ചശേഷമാണ് കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

സെഞ്ചുറി നേടുന്നതിനു മുൻപേ ഡിക്ലയർ ചെയ്യാൻ കോഹ്‌ലി ആഗ്രഹിച്ചിരുന്നു. കോഹ്‌ലി 87 റൺസെടുത്ത് നിൽക്കുന്ന സമയത്താണ് ഡിക്ലയർ ചെയ്യാൻ കോച്ച് രവി ശാസ്ത്രിയോട് അനുവാദം ചോദിച്ചത്. ഡ്രസിങ് റൂമിലേക്ക് നോക്കി കൈ കൊണ്ട് ആംഗ്യം കാട്ടിയായിരുന്നു കോഹ്‌ലി കോച്ചിനോട് അഭിപ്രായം ആരാഞ്ഞത്. എന്നാൽ ശാസ്ത്രി അതിനു തയാറായില്ല. 230 ആയിട്ട് ഡിക്ലയർ ചെയ്താൽ മതിയെന്ന് കോഹ്‌ലിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം മറ്റൊരു കളിക്കാരനെ മൈതാനത്തേക്ക് അയച്ച് കോഹ്‌ലിയെ അറിയിക്കുകയും ചെയ്തു. കോഹ്‌ലിയുടെ സെഞ്ചുറി ആയിരുന്നു ശാസ്ത്രി ഇതിലൂടെ ലക്ഷ്യമിട്ടത്.

രവി ശാസ്ത്രിയുടെ അഭിപ്രായം ലഭിച്ച ശേഷമാണ് കോഹ്‌ലി മൽസരം തുടർന്നതും രാജ്യാന്തര ക്രിക്കറ്റിലെ തന്റെ 50-ാം സെഞ്ചുറി നേടിയതും. ഈ സെഞ്ചുറിക്ക് കോഹ്‌ലി ഒരുപക്ഷേ കടപ്പെട്ടിരിക്കുന്നതും രവി ശാസ്ത്രിയോടായിരിക്കും.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. 231 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ എറിഞ്ഞു വീഴ്ത്തി. 7 വിക്കറ്റിന് 75 എന്ന നിലയിൽ എത്തി നിൽക്കെ ശ്രീലങ്കൻ നായകൻ വെളിച്ചക്കുറ് ഉണ്ടെന്ന് പരാതിപ്പെട്ടു. തുടർന്ന് മൽസരം നിർത്തിവയ്ക്കുകയായിരുന്നു. മൽസരം ജയിക്കുമായിരുന്ന ഇന്ത്യയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ