പേസും ബൗൺസുമുള്ള പിച്ചുകളിൽ കളി മറിക്കുന്ന ഇന്ത്യൻ ബാറ്റിങ് നിരയെ പല മൽസരത്തിലും നാം കണ്ടിട്ടുണ്ട്. ഇന്ത്യൻ ബാറ്റ്സ്മാർക്ക് എതിരെ എതിരാളികൾ പ്രയോഗിക്കുന്ന പ്രധാന ആയുധങ്ങളിൽ ഒന്നായിരുന്നു ബൗൺസറുകൾ. പുൾഷോട്ട് കളിക്കാൻ വിദഗ്‌ധരല്ലാത്ത ഇന്ത്യൻ താരങ്ങൾ ബൗൺസറുകൾക്ക് മുന്നിൽ കീഴടങ്ങിയിട്ടുമുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ കാലുകുത്തിയ വിരാട് കോഹ്‌ലിയും കൂട്ടരും ഈ ആക്ഷേപം മായ്ച്ചുകളയുകയാണ്.

സെഞ്ചൂറിയനിലെ രണ്ടാം ഏകദിനത്തിലെ ഒരു നിർണ്ണായക സംഭവമാണ് ഇതിന് തെളിവായുളളത്. ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയും വിരാട് കോഹ്‌ലിയും തമ്മിലുളള നേർക്ക് നേർ പോരാട്ടമാണ് കാണികൾക്ക് ഹരം പകർന്നത്. മൽസരത്തിന്റെ എട്ടാം ഓവറിൽ കഗീസോ റബാഡയുടെ ബൗൺസർ വിരാട് കോഹ്‌ലിയുടെ വയറിൽ കൊണ്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. റബാഡയുടെ പന്തിൽ പുൾഷോട്ട് കളിച്ച കോഹ്‌ലിയുടെ ശ്രമം ബാറ്റിൽ തട്ടി കോഹ്‌ലിയുടെ വയറിൽ കൊള്ളുകയായിരുന്നു. കോഹ്‌ലിയുടെ ദേഹത്ത് പന്ത് കൊണ്ടതിന്റെ സന്തോഷത്തിൽ റബാഡ ചിരിക്കുകയും ചെയ്തു.

എന്നാൽ തൊട്ടടുത്ത പന്തിൽ ഒരു കിടിലൻ പുൾഷോട്ടിലൂടെ റബാഡയുടെ പന്ത് അതിർത്തി കടത്തി വിരാട് കോഹ്‌ലി മറുപടി നൽകുകയായിരുന്നു. റബാഡയുടെ രണ്ടാം ബൗൺസർ ബാക്ക്‌ലെഗ്ഗിന് മുകളിലൂടെ പറത്തിയായിരുന്നു കോഹ്‌ലിയുടെ പ്രതികാരം. ബൗൺസറുകളെ പേടിക്കുന്ന താരങ്ങൾ അല്ല എന്ന് വ്യക്തമാക്കുകയായിരുന്നു ഇന്ത്യൻ നായകൻ.

രണ്ടാം ഏകദിനത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക സമ്മാനിച്ച 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ യുഷ്‌വേന്ദ്ര ചഹലാണ് കളിയിലെ താരം.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. 15 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും അർധ സെഞ്ചുറി നേടിയ ശിഖർ ധവാനും വിരാട് കോഹ്‌ലിയും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 56 പന്തിൽ 9 ഫോറുകൾ ഉൾപ്പടെ 51 റൺസാണ് ധവാൻ നേടിയത്. 50 പന്തിൽ 4 ഫോറും 1 സിക്സറും അടക്കം 46 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. ജയത്തോടെ 6 മൽസരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിൽ എത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ