ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലിയുടെ പെരുമാറ്റം പലപ്പോഴും അതിരുവിടുകയാണ്. ടെസ്റ്റിനിടെ അംപയറോട് മോശമായി പെരുമാറിയതിന് കോഹ്‌ലിക്ക് പിഴ ചുമത്തിയിരുന്നു. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴയിട്ടത്. അംപയറോട് വാഗ്‌വാദത്തിൽ ഏർപ്പെടുകയും പന്ത് നിലത്തേക്ക് വലിച്ചെറിയുകയും ചെയ്ത കോഹ്‌ലിയുടെ പ്രവൃത്തിക്കാണ് പിഴ ചുമത്തിയത്.

മൽസരത്തിനിടയിൽ കോഹ്‌ലി അസഭ്യം പറഞ്ഞതും വിവാദത്തിലായിരുന്നു. ആദ്യ ഇന്നിങ്സിൽ സഹതാരം മുരളി വിജയ്‌യോട് കളി തന്ത്രങ്ങൾ പറയുന്നതിനിടെയാണ് കോഹ്‌ലി അസഭ്യം പറഞ്ഞത്. കോഹ്‌ലിയും വിജയ്‌യും ആ ദിവസം മുഴുവൻ പിടിച്ചുനിന്നാൽ ദക്ഷിണാഫ്രിക്ക പരുങ്ങലിലാകും എന്നു പറയുന്നതിനിടെയാണ് അസഭ്യം പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കോഹ്‌ലി പറഞ്ഞ മോശം വാക്കുകൾ സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.

ഇതേ പ്രവൃത്തി തന്നെ രണ്ടാം ഇന്നിങ്സിലും ആവർത്തിച്ചിരിക്കുകയാണ് കോഹ്‌ലി. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലി അസഭ്യം പറഞ്ഞത്. ഇന്ത്യൻ ബോളർ അശ്വിന്റെ ബോളുകൾ നേരിടാൻ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പാടുപെട്ടു. ഇതു കണ്ട കോഹ്‌ലി ആവേശം മൂത്ത് അസഭ്യം പറയുകയായിരുന്നു. സ്റ്റംപ് മൈക്ക് ഇതും പിടിച്ചെടുത്തു. കോഹ്‌ലി അസഭ്യം പറയുന്നതിന്റെ ഓഡിയോയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കോഹ്‌ലിയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. കോഹ്‌ലി കാണിച്ചത് ശരിയായില്ലെന്നാണ് ചിലർ പറയുന്നത്. എന്നാൽ കളിക്കിടയിൽ ഇതൊക്കെ സ്വാഭാവികമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ