scorecardresearch
Latest News

കാഴ്ചപ്പാടിലാണ് കാര്യം; ചർച്ചയായി കോഹ്‌ലിയുടെ പോസ്റ്റ്, പിന്തുണയുമായി താരങ്ങൾ

കഴിഞ്ഞ 77 അന്താരാഷ്ട്ര ഇന്നിംഗ്‌സുകളിൽ കോഹ്‌ലിക്ക് മൂന്നക്കം കാണാൻ സാധിച്ചിട്ടില്ല.

Virat Kohli, Ajith Agarkar, Cricket News

കഴിഞ്ഞ കുറച്ചു കാലം മുൻപ് വരെ ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു വിരാട് കോഹ്ലി, എന്നാൽ താരത്തിന്റെ സമീപകാല ഫോം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്, ഇത് വിമർശനങ്ങൾക്കും ഒപ്പം തന്നെ ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചുമുള്ള സംശയങ്ങൾക്കും കാരണമായിട്ടുണ്ട്.

എന്നാൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ തന്നിലെ വിശ്വാസം കൈവിടാതെ ഇപ്പോഴും തല ഉയർത്തി നിൽക്കുകയാണ്. മാറ്റത്തിന്റെ കാറ്റ് ഉടൻ വീശുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് താരം. അത് തെളിയിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് താരം. ‘കാഴ്ചപ്പാട്’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന ചിത്രത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്, “ഞാൻ വീണാൽ എന്തുചെയ്യും”, “ഓ പ്രിയപെട്ടവനെ, നീ പറന്നാൽ എന്തുചെയ്യും” എന്നാണ്. ഈ വാചകങ്ങൾക്ക് മുന്നിൽ നിന്ന് പോസ് ചെയ്തുള്ള ചിത്രമാണ് കോഹ്ലി പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന് കമന്റിലൂടെ കോഹ്‌ലിക്ക് പിന്തുണ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ അടക്കമുള്ള ക്രിക്കറ്റർമാരും രൺവീർ സിങ്ങിനെ പോലുള്ള പ്രമുഖരും എത്തിയിട്ടുണ്ട്. “നിങ്ങൾ വർഷങ്ങളോളം ക്രിക്കറ്റിൽ ചെയ്തത് പലർക്കും സ്വപ്‌നം കാണാൻ മാത്രമേ കഴിയു.” എന്നാണ് പീറ്റേഴ്സണിന്റെ കമന്റ്. അതേസമയം, പറക്കാൻ വേണ്ടി ജനിച്ചവനാണ് ഇവനെ ഒരിക്കലും സംശയിക്കരുത് എന്നാണ് രൺവീർ കുറിച്ചിരിക്കുന്നത്.

നിലവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് കോഹ്ലി. നാഭിക്കേറ്റ പരുക്ക് മൂലം ആദ്യ ഏകദിനം നഷ്‌ടമായ കോഹ്ലി, ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിനുള്ള ടീമിൽ ഇടം നേടിയിരുന്നു. എന്നാൽ മൂന്നാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെ എത്തിയ കോഹ്‌ലിക്ക് 25 പന്തിൽ 16 റൺസ് മാത്രമേ നേടാനായുള്ളു.

അതിനു മുൻപ് നടന്ന ടി20 പരമ്പരയിലും, രണ്ട് മത്സരങ്ങളിൽ മൂന്ന് പന്തിൽ ഒരു റൺസും ആറ് പന്തിൽ 11 റൺസും മാത്രമാണ് താരത്തിന് നേടാനായത്. അതേസമയം കഴിഞ്ഞ 77 അന്താരാഷ്ട്ര ഇന്നിംഗ്‌സുകളിൽ ഇതുവരെ കോഹ്‌ലിക്ക് മൂന്നക്കം കാണാൻ സാധിച്ചിട്ടില്ല.

അതേസമയം, പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തറും കോഹ്‌ലിക്ക് പിന്തുണയുമായി രംഗത്തെത്തി. “ആളുകൾ അവനെ പുറത്താക്കണമെന്ന് പറയുന്നു. വിരാട് കോഹ്ലി തീർന്നു. തന്റെ കരിയറിൽ ഇനിയൊന്നും ബാക്കിയില്ല, കരിയറിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നൊക്കെയാണ് പറയുന്നത്. അവരോട് ഞാൻ പറയുന്നത് വിരാട് കോഹ്ലിയാണ് ഏറ്റവും മികച്ച കളിക്കാരൻ എന്നാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും മികച്ച കളിക്കാരൻ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വിരാട് ആണ്. അദ്ദേഹത്തിന് 1-2 മോശം വർഷങ്ങളുണ്ടായിട്ടുണ്ട്, അദ്ദേഹം ഇപ്പോഴും റൺസ് നേടി, സെഞ്ച്വറി ഉണ്ടായിട്ടില്ല എന്ന് മാത്രം, ” അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“വിരാട് കോഹ്‌ലിക്ക് 70 സെഞ്ചുറികൾ ഉണ്ട്. ഇത് കാൻഡി ക്രഷ് അല്ല. ഒരു മികച്ച കളിക്കാരന് മാത്രമേ ഇത്രയും സെഞ്ചുറികൾ നേടാനാകൂ, ഒരു സാധാരണ കളിക്കാരന് ചെയ്യാൻ കഴിയാത്തത് ഇത്. ഈ ഘട്ടത്തിൽ നിന്ന് കോഹ്‌ലി പുറത്തുവരുമ്പോൾ, അത് മറ്റൊരു വിരാട് കോഹ്‌ലിയായിരിക്കും,” അക്തർ കൂട്ടിച്ചേർത്തു.

നേരത്തെ, പാകിസ്ഥാൻ താരം ബാബർ അസം ഉൾപ്പെടെ കോഹ്‌ലിക്ക് പിന്തുണയുമായി എത്തിയിരുന്നു. “ഈ സമയവും കടന്നു പോകും എന്നാണ് കോഹ്‌ലിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ബാബർ കുറിച്ചത്.

കോഹ്ലിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും ജോസ് ബട്ട്ലറും രംഗത്തെത്തിയിരുന്നു. ”കോഹ്ലിയുടെ ഫോം സംബന്ധിച്ച് എന്തിനാണ് ഒരു ചര്‍ച്ച. കഴിഞ്ഞ പത്രസമ്മേളനത്തില്‍ പറഞ്ഞതുപോലെ, ഏറെക്കാലം സ്ഥിരതയോടെ മികച്ച പ്രകടനം നടത്തിയ ഒരാളെ കുറച്ചു മത്സരങ്ങളിലെ മോശം സ്കോറുവച്ച് അളക്കരുത്. ഞങ്ങള്‍ക്ക് കോഹ്ലിയുടെ പ്രാധാന്യം അറിയാം,” രോഹിത് പറഞ്ഞു.

“ഒരു ക്രിക്കറ്ററിന്റെ കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുന്ന സ്വഭാവികമാണ്. അതുകൊണ്ട് അയാളുടെ മികവ് ഇല്ലാതാകുന്നില്ല. ഒരോ താരങ്ങള്‍ക്കും ചില പ്രത്യേക മികവുണ്ട്. ടീം എന്ന നിലയില്‍ ആ മികവിനെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. എല്ലാ താരങ്ങളും മോശം സമയത്തിലൂടെ കടന്നു പോകും, അത് ജീവിതത്തിന്റെ ഭാഗമാണ്,” രോഹിത് കൂട്ടിച്ചേര്‍ത്തു.

“കോഹ്ലി നേരിടുന്ന വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കോഹ്ലിയും ഒരു മനുഷ്യനാണെന്നും ചെറിയ സ്കോറില്‍ അദ്ദേഹം പുറത്താകുമെന്നും മനസിലാക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. വര്‍ഷങ്ങളായി അദ്ദേഹം മികവ് പുലര്‍ത്തുന്നു,” എന്നായിരുന്നു ബട്ലറുടെ വാക്കുകൾ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli uploads optimistic social media post on his lean patch