/indian-express-malayalam/media/media_files/uploads/2017/05/outkohli.jpg)
ന്യൂഡല്‍ഹി: ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന വാർത്തകളാണ് ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിന്റെ ക്യാംപിൽ നിന്ന് വരുന്നത്. ഐസിസി ചാമ്പ്യന്‍സ് ലീഗില്‍ പോരാട്ടങ്ങൾ ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ടീം ഇന്ത്യയുടെ നായകനും മുഖ്യ പരിശീലകനും തമ്മിൽ കനത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുന്നു എന്നാണ് വാർത്തകൾ. നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്‌ളേയും തമ്മില്‍ ഉരസലിലാണെന്നും പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കുബ്ലെയുമായി ഒരു നിലക്കും യോജിച്ച് പോകാനാകില്ലെന്ന് കൊഹ്ലി അറിയിച്ചതായാണ് വിവരം. ചാന്പ്യൻസ് ലീഗോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ വിവാദങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷയും ക്ഷണിച്ചിരുന്നു. കുംബ്ലെ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ കൊഹ്ലി ഉള്‍പ്പെടെയുള്ള ഏതാനും മുതിർന്ന താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പകരം രവിശാസ്ത്രിയെ പരിശീലകനാക്കണമെന്നാണ് ഇവരുടെ ആവശ്യമെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത പരിശീലകനെ തീരുമാനിക്കുന്ന സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ ത്രയം തന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നത്തില്‍ മധ്യസ്ഥത്തിനായി ഇടപെട്ടിരിക്കുന്നത്.
നിലവിലെ പ്രശ്‌നം മുന്നംഗ ഉപദേശകസമിതിയുമായി സുപ്രീംകോടതി പുതിയതായി ബിസിസിഐ ചുമതലയ്ക്കായി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായി സംസാരിച്ചു കഴിഞ്ഞതായിട്ടാണ് വിവരം. വിരാട് കോഹ്‌ലി ഞായറാഴ്ച നടന്ന ന്യൂസിലന്റിനെതിരേയുള്ള മത്സരത്തിന് പിന്നാലെ ഗാംഗുലിയുമായി സുദീര്‍ഘമായ ഒരു ചര്‍ച്ചയും നടത്തിക്കഴിഞ്ഞു. ബിസിസിഐയിലും പലര്‍ക്കും കുംബ്ലേയുടെ കാലാവധി നീട്ടുന്നതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നു. എന്നാല്‍ കോഹ്‌ലിയും കുംബ്ലേയും തമ്മിലുള്ള പടലപ്പിണക്കം കാര്യങ്ങള്‍ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്.
ധര്‍മ്മശാലയില്‍ കോഹ്‌ലിക്ക് പരിക്കേറ്റ് വിട്ടു നിന്ന മത്സരത്തിൽ പകരക്കാരനായി ബൗളര്‍ കുല്‍ദീപ് യാദവിനെ കുംബ്ലെ ഉള്‍പ്പെടുത്തിയത് മുതലാണ് ഭിന്നത മറനീക്കി പുറത്തു വന്നത്. തീരുമാനം തന്നെ അറിയിച്ചില്ല എന്നതായിരുന്നു കൊഹ്ലിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.