വെസ്റ്റ് ഇൻഡീസിനെതിരായ ടി ട്വന്റി മൽസരങ്ങൾക്കായി യുഎസിലാണ് ഇന്ത്യൻ ടീമുളളത്. മൂന്നു ടി ട്വന്റി മൽസരങ്ങളിലെ ആദ്യത്തേത് ശനിയാഴ്ചയാണ് നടക്കുക. ആദ്യ മൽസരത്തിനു മുൻപായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ട്വിറ്ററിൽ ഒരു ഫോട്ടോ ചെയ്തു. ഇന്ത്യൻ ടീമിലെ ചില താരങ്ങൾക്കൊപ്പമുളള ചിത്രമാണ് കോഹ്‌ലി പങ്കുവച്ചത്.

രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്നി, ഖലീൽ അഹമ്മദ്, ശ്രേയസ് അയ്യർ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കെ.എൽ.രാഹുൽ എന്നിവരായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്. ഇത് ‘എന്റെ’ സംഘം എന്നായിരുന്നു ഫോട്ടോയ്ക്ക് കോഹ്‌ലി ക്യാപ്ഷൻ നൽകിയത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. രോഹിത് ശർമ്മ ഇല്ലാതെ ചില താരങ്ങളെ മാത്രം ഉൾക്കൊളളിച്ചുളള ഫോട്ടോയെ എന്റെ ടീമെന്ന് കോഹ്‌ലിക്ക് എങ്ങനെ പറയാനാകുമെന്നാണ് ചിലർ ചോദിച്ചത്. രോഹിത് ഇല്ലാതെ ഒരിക്കലും ഇന്ത്യൻ ടീം കംപ്ലീറ്റ് ആവില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

ലോകകപ്പ് സെമിഫൈനലിൽനിന്നും ഇന്ത്യ പുറത്തായതോടെയാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്. ഇതിനു പിന്നാലെ രോഹിത് ശര്‍മ്മ നായകന്‍ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശര്‍മ്മയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുളള ഭിന്നത് മറനീക്കി പുറത്തുവന്നു.

എന്നാൽ ഇത്തരം പ്രചാരണങ്ങളെ കോഹ്‌ലി വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്നതിനു മുൻപായുളള വാർത്താസമ്മേളനത്തിൽ തളളിക്കളഞ്ഞിരുന്നു. ”വളരെ കാലമായി ഞാൻ ഇത് കാണുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴക്കുന്നത്. ഞാനും രോഹിതും തമ്മിൽ ഒരു പ്രശ്നവുമില്ല,” കോഹ്‌ലി പറഞ്ഞു. എന്നാൽ രോഹിത് ശർമ്മയുടെ പുതിയൊരു ട്വീറ്റ് ഇരു താരങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കി.

Read Also: ‘അപമാനിക്കലാണിത്, ഞങ്ങള്‍ ശ്വസിക്കുന്നത് പോലും ടീമിനായി’; രോഹിത്തുമായി ഭിന്നതയില്ലെന്ന് കോഹ്‌ലി

ഞാനിറങ്ങുന്നത് എന്റെ ടീമിനുവേണ്ടി മാത്രമല്ല, എന്റെ രാജ്യത്തിന് കൂടി വേണ്ടിയാണെന്നാണ് ഇന്ത്യൻ ജഴ്സിയിലുളള തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രാഹുൽ കുറിച്ചത്.

ഓഗസ്റ്റ് എട്ട് മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നത്. ഏകദിന ടീമില്‍ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മികച്ച ഫോമില്‍ കളിക്കവെയായിരുന്നു ലോകകപ്പിനിടെ ധവാന് പരുക്കേല്‍ക്കുന്നത്. വിജയ് ശങ്കറും ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടിയില്ല. പകരം മനീഷ് പാണ്ഡ്യയും ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തി. അതേസമയം, ലോകകപ്പില്‍ പഴി കേട്ട കേദാര്‍ ജാദവ് ടീമിലിടം നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കളിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook