ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീമിൽ വിരാട് കോഹ്‌ലിയുടെ വിശ്വസ്ത താരമാണ് ഇഷാന്ത് ശർമ. കൃത്യതയോടെ എതിരാളികളുടെ വിക്കറ്റ് തെറിപ്പിക്കാൻ കഴിവുള്ള താരത്തിനെ ക്ലീൻ ബൗൾഡ് ആക്കിയിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ നായകൻ കോഹ്‌ലി. ഇഷാന്ത് ശർമയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയാണ് ട്രോളുമായി വിരാട് കോഹ്‌ലി എത്തിയത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിനൊപ്പം ഇഷാന്ത് എഴുതിയ അടിക്കുറിപ്പിങ്ങനെ, “നിങ്ങൾ ഒരിക്കൽ മാത്രം ജീവിക്കുന്നു.” അടിക്കുറിപ്പിൽ വലിയ കാര്യമൊന്നുമില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നും. എന്നാൽ അത് തന്നെയാണ് ഇന്ത്യൻ നായകനെ ഇഷാന്തിന് മറുപടി നൽകാൻ പ്രേരിപ്പിച്ചത്. ” അത് ഞങ്ങൾക്കറിയില്ലല്ലോ” എന്നായിരുന്നു കോഹ്‌ലിയുടെ കമന്റ്.
ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിര സാനിധ്യമാണ് ഇഷാന്ത് ശർമ എന്ന പേസർ. ന്യൂസിലൻഡിനെതിരെ ഫെബ്രുവരിയിൽ ആരംഭിക്കുന്ന പരമ്പരയിലൂടെയാകും വീണ്ടും ഇഷാന്തും കോഹ്‌ലിയും ഒന്നിക്കുന്നത്. ഫെബ്രുവരി 21ന് വെല്ലിങ്ടണ്ണിലാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം.
ഇതിന് മുമ്പ് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര കൂടിയുണ്ട്. മൂന്ന് മത്സരങ്ങളടങ്ങുന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പരമ്പരയിൽ വിരാട് കോഹ്‌ലിയെ ഇന്ത്യയെ നയിക്കുമ്പോൾ രഞ്ജിയിലായിരിക്കും ഇഷാന്തിന്റെ ശ്രദ്ധ.