ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ഓപ്പണർ എയ്ഡൻ മർക്രാം. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ മർക്രാം 94 റൺസിന് പുറത്തായിരുന്നു. അശ്വിനായിരുന്നു വിക്കറ്റ്. 23 കാരനായ മർക്രാമിന് തന്റെ 3-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ നഷ്ടമായത്. സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യൻ നായകന്റെ വാക്കുകളിൽ സന്തോഷവാനാണ് മർക്രാം.

മർക്രാമിന്റെ വിക്കറ്റ് വീണപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത് വിരാട് കോഹ്‌ലിയായിരുന്നു. അതേ കോഹ്‌ലി തന്നെ മർക്രാം പവലിയനിലേക്ക് മടങ്ങവേ അദ്ദേഹത്തിന് അടുത്തെത്തി അഭിനന്ദിക്കുകയും ചെയ്തു.

‘നന്നായി കളിച്ചു, പക്ഷേ നിങ്ങൾക്ക് ഭാഗ്യമില്ലാതായിപ്പോയി’ കോഹ്‌ലി പറഞ്ഞതായി മർക്രാം മൽസരശേഷം വ്യക്തമാക്കി. ”കോഹ്‌ലിയിൽനിന്നും ഇത്തരം ഒരു പ്രതികരണം സന്തോഷം നൽകി. കോഹ്‌ലി വലിയൊരു എതിരാളിയാണെന്ന് ടിവിയിലൂടെ എല്ലാവരും കാണുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് ചില നല്ല മൂല്യങ്ങളുണ്ട്. ഓഫ് ഫീൽഡിൽ ഉളളവർക്ക് അതൊരിക്കലും കാണാനാകില്ല” മർക്രാം പറഞ്ഞു.

സെഞ്ചുറി നഷ്ടമായതിൽ തനിക്ക് നിരാശയുണ്ടെന്നും മർക്രാം പറഞ്ഞു. എന്റെ ചെറിയ കരിയറിൽ രണ്ടാം തവണയാണ് സെഞ്ചുറിക്ക് വളരെ അടുത്തെത്തി വീണത്. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്. പോസിറ്റീവായാണ് ഇതിനെ കാണുന്നത്. അടുത്ത് ഇങ്ങനെയൊരു സാഹചര്യം വന്നാൽ ഇപ്പോൾ നടന്നതിൽ നിന്നും പാഠം ഉൾക്കൊണ്ടാവും ഞാൻ പ്രവർത്തിക്കുക. അങ്ങനെ മൂന്നക്കം (സെഞ്ചുറി) കടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മർക്രാം പറഞ്ഞു.

അശ്വിന്റെ ബോൾ നേരിടാൻ പ്രയാസമാണെന്നും മർക്രാം അഭിപ്രായപ്പെട്ടു. അശ്വിൻ വേൾഡ് ക്ലാസ് ബോളർ ആണെന്നും മക്രാം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ