ലോക്സഭാ തിരഞ്ഞെടുപ്പിൽ വിരാട് കോഹ്‌ലിക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന വാർത്തകളോട് പ്രതികരിച്ച് ഇന്ത്യൻ നായകൻ. ഇൻസ്റ്റഗ്രാമിൽ വോട്ടർ ഐഡി പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലി മേയ് 12 ന് താൻ വോട്ട് ചെയ്യുമെന്ന കുറിപ്പും ഇട്ടു.

അടുത്തിടെ കോഹ്‌ലി ഭാര്യ അനുഷ്കയ്ക്കൊപ്പം മുംബൈയിലേക്ക് താമസം മാറിയിരുന്നു. പുതിയ സ്ഥലത്തേക്ക് താമസം മാറിയതോടെ വിലാസവും മാറി. മുംബൈയിൽ വൊർലിയാണ് കോഹ്‌ലിയുടെ നിയോജക മണ്ഡലം. അവിടെ വോട്ട് ചെയ്യണമെന്നായിരുന്നു കോഹ്‌ലിയുടെ ആഗ്രഹം.

വൊർലിയിലെ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുളള ഓൺലൈൻ അപേക്ഷ നൽകാൻ കോഹ്‌ലി വൈകി. മാർച്ച് 30 ആയിരുന്നു അവസാന തീയതി. വിരാട് കോഹ്‌ലിയുടെ അപേക്ഷ വൈകിയാണ് ലഭിച്ചതെന്നും അതിനാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ അപേക്ഷ പരിഗണിക്കാൻ കഴിയൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി. ഇത്തവണ വോർലിയിൽനിന്നും കോഹ്‌ലിക്ക് വോട്ട് ചെയ്യാനാവില്ലെന്നും അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി കോഹ്‌ലി ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് കോഹ്‌ലിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന വാർത്തകൾ പുറത്തുവന്നത്. ഇത് കോഹ്‌ലിയുടെ ആരാധകരെയും ഏറെ നിരാശയിലാക്കി. വോർലിയിൽനിന്നും വോട്ട് ചെയ്യാൻ സാധിക്കാതെ വന്നതോടെ കോഹ്‌ലി പുതിയ മാർഗം തേടി. കോഹ്‌ലി തന്റെ പഴയ നിയോജക മണ്ഡലത്തിൽനിന്നും വോട്ട് ചെയ്യാൻ തീരുമാനിച്ചു. താൻ നേരത്തെ താമസിച്ചിരുന്ന ഗുഡ്ഗാവിലായിരിക്കും കോഹ്‌ലി വോട്ട് ചെയ്യുക.

കോഹ്‌ലിയുടെ കുടുംബത്തിലെ ചിലർ ഇപ്പോഴും ഗുഡ്ഗാവിൽ താമസിക്കുന്നുണ്ട്. അവിടുത്തെ വോട്ടർ പട്ടികയിൽ കോഹ്‌ലിയുടെ പേരുണ്ട്. ഗുഡ്ഗാവിൽ താൻ വോട്ട് ചെയ്യുമെന്ന് കോഹ്‌ലി സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വോട്ടർ ഐഡി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് കോഹ്‌ലി ഇക്കാര്യം അറിയിച്ചത്. ‘മേയ് 12-ാം തീയതി ഗുഡ്ഗാവിൽനിന്നും വോട്ട് ചെയ്യാൻ തയ്യാർ. നിങ്ങളോ?’ എന്നാണ് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

virat kohli, indian cricket team, ie malayalam

തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തിറങ്ങിയപ്പോൾ ക്രിക്കറ്റ് താരങ്ങളോട് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു. ഇതിൽ വിരാട് കോഹ്‌ലിയും ഉൾപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook