ന്യൂഡല്‍ഹി: ഓരോ ദിവസം പിന്നിടുമ്പോഴും സമാനതകളില്ലാതെ വളരുകയാണ് വിരാട് കോഹ്‌ലി എന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍. റെക്കോര്‍ഡുകളൊക്കെ വിരാടിന് മുന്നില്‍ തകര്‍ന്നു വീഴുന്നു. വിരാടിന്റെ ഈ നേട്ടങ്ങള്‍ക്കെല്ലാം അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍.

വിരാടിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളിലൊന്നിന് വിരാടിന്റെ പേര് നല്‍കാനാണ് ഡിഡിസിഎയുടെ തീരുമാനം. നിലവില്‍ ഫിറോസ് ഷാ കോട്‌ലയില്‍ സ്വന്തം പേരില്‍ സ്റ്റാന്‍ഡുകളുള്ളത് ബിഷന്‍ സിങ് ബേദിയ്ക്കും മൊഹീന്ദര്‍ അമര്‍നാഥിനുമാണ്. പക്ഷെ രണ്ട് പേരേയും വിരമക്കിലിന് ശേഷമാണ് ഈ അംഗീകാരം തേടിയെത്തിയത്.

ഇതോടെ സ്വന്തം പേരിലൊരു സ്റ്റാന്‍ഡ് ഉണ്ടാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വിരാട് മാറും.

”ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്‌ലി കൈവരിച്ച നേട്ടങ്ങള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഭിമാനമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കും ക്യാപ്റ്റന്‍സി മികവിനുമുള്ള അംഗീകാരമെന്ന നിലയില്‍ ഇങ്ങനൊരു ആദരവ് നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്” ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ്മ പറഞ്ഞു.

”വിരാട് കോഹ്ലി ഇവിടെ കളിച്ചു വളര്‍ന്നവനാണെന്നത് ഞങ്ങള്‍ക്ക് ഒരുപാട് അഭിമാനമുള്ള കാര്യമാണ്. ആ ഓര്‍മ്മകളെ എന്നും നിലനിര്‍ത്തുകയാണ് ലക്ഷ്യം. എനിക്കുറപ്പാണ് വിരാട് കോഹ്‌ലി സ്റ്റാന്‍ഡ് ഒരുപാട് യുവാക്കള്‍ക്ക് പ്രചോദനമായിരിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗിനേയും അന്‍ജും ചോപ്രയേയും ഗെയ്റ്റിന് അവരുടെ പേര് നല്‍കി ഡിഡിസിഎ ആദരിച്ചിരുന്നു.

Read More Sports Stories Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook