വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ഓർഡറിനെ ചൊല്ലിയുളള ചർച്ചകൾ അവസാനിച്ചിട്ടില്ല. ലോകകപ്പ് മത്സരങ്ങളിൽ കോഹ്‌ലി നാലാമനായി ഇറങ്ങണമെന്ന കോച്ച് രവി ശാസ്ത്രിയുടെ വാക്കുകൾക്ക് പിന്നാലെയാണ് ചർച്ച സജീവമായത്. ഇപ്പോഴിതാ ശാസ്ത്രിയുടെ വാക്കുകളോട് യോജിക്കുകയാണ് ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്.

വരുന്ന ലോകകപ്പിൽ കോഹ്‌ലി നാലാമനായി ഇറങ്ങണമെന്ന ശാസ്ത്രിയുടെ അഭിപ്രായം നല്ലൊരു ആശയമാണെന്നാണ് എംഎസ്കെ പ്രസാദ് പറഞ്ഞത്. ”രവി ശാസ്ത്രി പറഞ്ഞത് നല്ലൊരു ആശയമാണ്. മൂന്നാം നമ്പറിൽ കോഹ്‌ലി മികച്ച രീതിയിലാണ് കളിക്കുന്നത്. ലോകത്തിലെ നമ്പർ വൺ ബാറ്റ്സ്മാനാണ് കോഹ്‌ലി. പക്ഷേ ടീമിന് ആവശ്യമാണെങ്കിൽ നാലാം നമ്പരിൽ കളിക്കാൻ വിരാട് ഉറപ്പായും തയ്യാറാവും. ടീമിന്റെ ബാറ്റിങ് ഓർഡറിനെക്കുറിച്ചുളള തീരുമാനങ്ങളോന്നും എടുത്തിട്ടില്ല. ടീമിന്റെ ഘടനയ്ക്ക് അനുസരിച്ചായിരിക്കും അതിൽ മാറ്റം വരുത്തുക. അപ്പോഴേ കോഹ്‌ലിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ച് പറയാൻ കഴിയൂ,” ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പ്രസാദ് പറഞ്ഞു.

ലോകകപ്പ് മത്സരങ്ങളിൽ കോഹ്‌ലിയുടെ സ്ഥാനം നാലിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിക്കുന്നതായാണ് രവി ശാസ്ത്രി നേരത്തെ പറഞ്ഞത്. ”നിലവിലെ ടീമിനെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വിഭജിക്കാമെന്നതാണ് ഗുണകരമായ വസ്തുത. വിരാട് കോഹ്‌ലി നാലിലേക്ക് മാറുകയാണെങ്കിൽ മൂന്നാം സ്ഥാനത്ത് കൊണ്ടുവരാൻ കഴിയുന്ന ബാറ്റ്സ്മാൻ നമുക്കുണ്ട്. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ ബെസ്റ്റ് ടീമിനെയാണ് നമുക്ക് ആവശ്യം. അതിനാൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടാകും. കോഹ്‌ലി നമ്പർ ഫോറിലേക്ക് മാറിയാൽ റായിഡുവോ മറ്റാരെങ്കിലുമോ ആകും മൂന്നിലേക്ക് വരിക. ഓപ്പണിങ് കൂട്ടുകെട്ടിനെ മാറ്റില്ല,” ശാസ്ത്രി ക്രിക്ബസിനോട് പറഞ്ഞു.

2011 മുതൽ മൂന്നാം നമ്പരിലാണ് കോഹ്‌ലി ഇറങ്ങുന്നത്. മൂന്നാം പൊസിഷനിൽ ഇറങ്ങിയ കോഹ്‌ലി 32 സെഞ്ചുറികളാണ് നേടിയത്. 23 ഇന്നിങ്സുകളിൽ നാലാമനായി ഇറങ്ങിയിട്ടുണ്ട്. നാലാമനായി ഇറങ്ങിയപ്പോൾ 7 സെഞ്ചുറികൾ ഉൾപ്പെടെ 1,744 റൺസാണ് കോഹ്‌ലി നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook