രാജ്യത്തിന് വേണ്ടിയുള്ള സേവനത്തിനും ത്യാഗത്തിനും ഇന്ത്യൻ സായുധ സേനയോട്, സായുധ സേന പതാക ദിനത്തിൽ നന്ദി അറിയിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. രാജ്യത്തിന്റെ “യഥാർത്ഥ ഹീറോകൾ” എന്ന് സൈനികരെ വിശേഷിപ്പിച്ച നായകൻ, ടീമിന് കൂടുതൽ പ്രചോദനം നൽകാൻ സായുധസേനയുമൊത്ത് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു.

1949 മുതൽ ഡിസംബർ ഏഴാണ് സായുധ സേനയുടെ പതാക ദിനമായി ആചരിക്കുന്നത്. ന്യൂഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന മൂന്നാം ടെസ്റ്റിൽ സായുധ സേനയോടുള്ള സ്നേഹം മുൻനിർത്തി അവരുടെ പതാക ഇന്ത്യൻ താരങ്ങൾ വസ്ത്രത്തിൽ അണിഞ്ഞിരുന്നു.

ബിസിസിഐ പുറത്തുവിട്ട വിഡിയോയിലാണ് ഇന്ത്യൻ നായകനും, ചേതേശ്വർ പൂജാരയും സായുധ സേനയോട് തങ്ങളുടെ നന്ദി അറിയിക്കുന്നത്. “സായുധ സേനയുടെ പതാക വസ്ത്രത്തിൽ കുത്തിയത് ഏറ്റവും അഭിമാനമുള്ള നിമിഷമായിരുന്നു. ദേശീയ ഗാനം ആലപിച്ചപ്പോൾ പ്രത്യേകിച്ചും. മുഴുവൻ സമയവും രാജ്യത്തെ സുരക്ഷിതമായി കാത്തുരക്ഷിക്കുന്ന സൈനികരുടെ ത്യാഗം അപ്പോഴാണ് ഞങ്ങൾ മനസിലാക്കിയത്. വർഷങ്ങളായി അവരാ ത്യാഗം അനുഷ്ഠിക്കുന്നുണ്ട്. അതുകൊണ്ടാണ് നന്ദി പറയുന്നത്”, കോഹ്‌ലി വിഡിയോയിൽ പറയുന്നു.

“നിങ്ങളാണ് യഥാർത്ഥ ഹീറോകൾ. നിങ്ങളോട് ഞങ്ങളെന്നും കടപ്പെട്ടിരിക്കുന്നു. അവസരം കിട്ടിയാൽ നിങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒറ്റയ്ക്കോ സംഘമായോ നിങ്ങളെ കാണാനുള്ള അവസരം ഞങ്ങൾ ഒഴിവാക്കില്ല”, അദ്ദേഹം പറഞ്ഞു.

“സൈനികരെ കുറിച്ച് സംസാരിക്കുന്നത് തന്നെ ഏറെ അഭിമാനം ഉണർത്തുന്നതാണ്”, എന്ന് പൂജാര പറഞ്ഞു. “നമ്മെ സുരക്ഷിതരായി നിർത്തുന്നത് അവരാണ്. അതിന് വേണ്ടി ഒരുപാട് ത്യാഗവും അവർ സഹിക്കുന്നു. ഒരു ദിവസം നിശ്ചയമായും ഞങ്ങളവരെ കാണും”, പൂജാര പറഞ്ഞു.

വിരേന്ദർ സെവാഗ്, വി.വി.എസ്.ലക്ഷ്‌മൺ, സുരേഷ് റെയ്ന തുടങ്ങിയവരും സൈനികരെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.