ഓരോ മത്സരത്തിലും ഓരോ റെക്കോര്‍ഡ് എന്ന തരത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പോക്ക്. മൈതാനത്തെ പ്രകടനം കൊണ്ട് കയ്യടി വാങ്ങുമ്പോഴും കളിക്കളത്തിന് പുറത്തും വിരാട് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരത്തെ തേടി ഇപ്പോഴിതാ പുതിയ ഒരു നേട്ടവും എത്തിയിരിക്കുകയാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ എന്‍ഗേജ്‌മെന്റ് ഉണ്ടായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്ന നേട്ടമാണ് വിരാടിനെ തേടിയെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആക്ടീവ് ആയിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വിരാട്. തന്റെ കളിയെ കുറിച്ചും ജീവിതത്തിലെ മുഹൂര്‍ത്തങ്ങളെ കുറിച്ചും പ്രതികരണങ്ങളുമെല്ലാം വിരാട് ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ക്രിക്കറ്റിന് പുറത്ത് കോഹ്ലിയ്ക്ക് ഇന്നൊരു ബ്രാന്റ് മൂല്യമുണ്ടെന്നതാണ് വാസ്തവം. ഒരു ബ്രാന്റായി വിരാട് വളര്‍ന്നിരിക്കുന്നു. ഇതിനെല്ലാം സോഷ്യല്‍ മീഡിയയുടെയും ആരാധകരുടേയും സഹായം വളരെ വലുതാണ്. അതു തന്നെയാണ് വിരാടിനെ ഈ ബഹുമതിയിലേക്ക് നയിച്ചതും. 20 മില്യണ്‍ ഫോളോവേഴ്‌സാണ് വിരാടിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.

തന്റെ നേട്ടത്തില്‍ ആരാധകരോട് താരം നന്ദി പറഞ്ഞു. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ വിരാട് നിങ്ങളില്ലെങ്കില്‍ ഇത് സാധ്യമാകില്ലെന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയായിരുന്നു താരത്തിന്റെ പ്രതികരണം.