തുടർച്ചയായ രണ്ടാം വട്ടവും ഐസിസിയുടെ ടെസ്റ്റ് ഒന്നാം റാങ്ക് നിലനിർത്തിയ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാർക്കുളള ദണ്ഡും പത്ത് ലക്ഷം യുഎസ് ഡോളറും ഐസിസി സമ്മാനിച്ചു. കേപ്ടൗണിൽ മൂന്നാം ടി20 ക്രിക്കറ്റ് മൽസരത്തിന് ശേഷം സുനിൽ ഗവാസ്‌കറും ഗ്രെയിം പൊള്ളോക്കുമാണ് ഒന്നാം സ്ഥാനക്കാരുടെ അധികാര ദണ്ഡ് ഇന്ത്യൻ നായകന് കൈമാറിയത്.

ഇതിന് ശേഷം ഐസിസി തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പുറത്തുവിട്ട വീഡിയോയിൽ ഇന്ത്യൻ ക്യാപ്റ്റൻ ലോകത്താകമാനമുളള ഇന്ത്യൻ ആരാധകരോട് നന്ദി പറഞ്ഞു. “തുടർച്ചയായ രണ്ടാം വട്ടവും ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാർക്കുളള ഐസിസിയുടെ ദണ്ഡ് ലഭിക്കുന്നത് ടീമംഗമായ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ഏറെ സന്തോഷമുളള കാര്യമാണ്. ലോകമാകെയുളള എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരോടും ഈ ഘട്ടത്തിൽ ഞാൻ നന്ദി പറയുകയാണ്. എവിടെ കളിച്ചാലും വലിയ ആൾക്കൂട്ടമാണ് കളി കാണാൻ ഉണ്ടാവുകയെന്നത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്”, കോഹ്‌ലി പറഞ്ഞു.

“ഈ കഠിനാദ്ധ്വാനം ഞങ്ങൾ തുടരുമെന്ന് ഞാൻ നിങ്ങൾക്ക് വാക്ക് നൽകുന്നു. എത്രത്തോളം നന്നായി കളിക്കാമോ അത്രയും നന്നായി തന്നെ ഞങ്ങൾ കളിക്കും. എത്ര വർഷക്കാലം ഇന്ത്യൻ ക്രിക്കറ്റിനെ അത്യുന്നതങ്ങളിൽ നിലനിർത്താമോ അത്രയും കാലം അതിന് വേണ്ടി ഞങ്ങൾ യത്നിച്ച്കൊണ്ടേയിരിക്കും,” 29കാരനായ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ടെസ്റ്റിലെ ഈ ഒന്നാം സ്ഥാനം ആരാധകരുടെ പിന്തുണയുടെ കൂടി ശക്തിയാണ്. അടുത്ത ഒന്നര വർഷക്കാലം ഒട്ടനേകം വിദേശപര്യടനങ്ങളുണ്ട്. ഈ ഘട്ടത്തിൽ ആരാധകരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്. നിങ്ങളർപ്പിക്കുന്ന വിശ്വാസം ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും,” കോഹ്‌ലി വ്യക്തമാക്കി.

“നിങ്ങളോരോരുത്തരോടും അങ്ങേയറ്റത്തെ സ്നേഹവും നന്ദിയും അറിയിക്കുകയാണ്. ഇനിയും സ്റ്റേഡിയം നിറയെ നിങ്ങളെ കാണാനുളള അവസരത്തിനാണ് ഞങ്ങൾ കാത്തിരിക്കുന്നത്”, കോഹ്ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ