ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അജിങ്ക്യ രഹാനെയുടെ കീഴിൽ ടീം ഇന്ത്യ നേടിയ വിജയം ഉജ്ജ്വലമാണ്. നായകനെന്ന നിലയിൽ രഹാനെയും അഭിനന്ദനം അർഹിക്കുന്നു. സ്ഥിര നായകൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ടീമിനെ നയിക്കാനുള്ള ചുമതല രഹാനെയിൽ നിക്ഷിപ്‌തമായത്. തനിക്കു ലഭിച്ച അവസരം രഹാനെ കൃത്യമായി ഉപയോഗിച്ചു.

എന്നാൽ, രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്‌ത്തുന്നവർ അതോടൊപ്പം കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് വാദിക്കുന്നത് എല്ലാ അർത്ഥത്തിലും തെറ്റായ വ്യാഖ്യാനം നൽകുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നാഴികകല്ലാണ് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെന്ന് നിസംശയം പറയാം. കണക്കുകൾ പരിശോധിച്ചാൽ കോഹ്‌ലി വിരോധികൾക്ക് അത് വ്യക്തമാകും.

Kohli and Rahane

2014 ലാണ് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിലേറെയായി 56 ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലി ഇന്ത്യയെ നയിച്ചു. ഇതിൽ 33 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. 13 കളികളിൽ തോറ്റപ്പോൾ പത്ത് മത്സരങ്ങൾ സമനിലയിലായി. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ കോഹ്‌ലിയുടെ വിജയശതമാനം 58.92 ആണ്. അതിനു മുൻപൊന്നും ഇത്രയും വിജയശതമാനമുള്ള മറ്റൊരു നായകനില്ല. പത്ത് മൽസരങ്ങളിൽ കൂടുതൽ ടീമിനെ നയിച്ച ക്യാപ്റ്റന്മാരിൽ അൻപതിനു മുകളിൽ വിജയശതമാനമുള്ള ഒരേയൊരു ക്യാപ്റ്റൻ കോഹ്‌ലിയാണ്. രഹാനെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചപ്പോൾ അതിൽ നാല് കളികൾ ജയിക്കുകയും ഒരെണ്ണം സമനിലയിലാകുകയും ചെയ്തു. ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ രഹാനെയുടെ വിജയശതമാനം 80 ആണ്.

Read Also: അഡ്‌ലെയ്‌ഡിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ രാത്രി 12.30 ന് കോഹ്‌ലിയുടെ മെസേജ്, വഴിത്തിരിവ്

ഇന്ത്യൻ ടീം ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 17 ഓവർസീസ് മത്സരങ്ങളിൽ 13 എണ്ണത്തിലും തോറ്റു നിൽക്കുകയായിരുന്നു ഇന്ത്യ. ഈ സമയത്താണ് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. പിന്നീട് ഓവർസീസ് ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ മികച്ച പ്രകടനം നടത്തി.

നാട്ടിൽ 26 ടെസ്റ്റ് മത്സരങ്ങളിൽ 20 വിജയങ്ങൾ കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ നേടി. വിദേശത്ത് 30 ടെസ്റ്റ് മത്സരങ്ങളിൽ 13 എണ്ണത്തിൽ വിജയിച്ചു. ഓസ്ട്രേലിയയിൽ 2018 ൽ പരമ്പര നേട്ടം. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ ഒരു പരമ്പര നേടുന്നത്.

ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ബാറ്റിങ്ങിലും കോഹ്‌ലി വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നായകന്റെ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറികളെന്ന റെക്കോർഡും കോഹ്‌ലിയുടെ പേരിലാണ്. ആറ് ഇരട്ട സെഞ്ചുറികൾ പൂർത്തിയാക്കിയ കോഹ്‌ലി ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയുടെ അഞ്ച് ഇരട്ട സെഞ്ചുറികളെന്ന റെക്കോർഡാണ് മറികടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook