വിവാഹശേഷമുളള തന്റെ ആദ്യ പിറന്നാൾ ഗംഭീരമായി തന്നെ അനുഷ്ക ശർമ്മ ആഘോഷിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വിധമായിരുന്നു വിരാട് കോഹ്‌ലി ഭാര്യയ്ക്ക് പിറന്നാൾ ദിനം മനോഹരമാക്കിയത്.

പിറന്നാൾദിനത്തിൽ ട്വിറ്ററിലൂടെ കോഹ്‌ലി അനുഷ്കയ്ക്ക് ആശംസകൾ നേർന്നിരുന്നു. ‘എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. എനിക്കറിയാവുന്നതിൽ വച്ച് വളരെ പോസിറ്റീവും സത്യസന്ധയും ആയ വ്യക്തി. ലവ് യൂ’ എന്നൊരു കുറിപ്പും അനുഷ്കയ്ക്ക് ഒപ്പമുളള സെൽഫിയും കോഹ്‌ലി പോസ്റ്റ് ചെയ്തിരുന്നു.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോഹ്‌ലി ഭാര്യയ്ക്ക് ഇരട്ടി മധുരം നൽകി. ഈ വിജയം അവൾക്കുളള ചെറിയൊരു സമ്മാനം എന്നാണ് മൽസരശേഷം കോഹ്‌ലി പറഞ്ഞത്. പക്ഷേ ഇതുകൊണ്ടും ഭാര്യയോടുളള കോഹ്‌ലിയുടെ സ്നേഹം തീർന്നില്ല. പിറന്നാൾദിനത്തിൽ ഹോളിവുഡ് സിനിമ കാണാനും കോഹ്‌ലി അനുഷ്കയെ കൂട്ടിക്കൊണ്ട് പോയി.

ബെംഗളൂരുവിലെ ഓറിയോൺ മാളിൽ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ കാണാനാണ് കോഹ്‌ലി ഭാര്യയെ കൊണ്ടുപോയത്. റോയൽ ചലഞ്ചേഴ്സ് താരങ്ങളും കോഹ്‌ലിക്കൊപ്പം സിനിമ കാണാനെത്തി.

14 റണ്‍സിനായിരുന്നു വിരാട് കോഹ്‌ലിയും സംഘവും രോഹിത്തിന്റെ മുംബൈയെ തകര്‍ത്തത്. ബെംഗളൂരു ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 153 ല്‍ കളിയവസാനിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ