scorecardresearch

Latest News

ക്യാപ്റ്റൻസി വിവാദം; കോഹ്‌ലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പദ്ധതിയില്ലായിരുന്നുവെന്ന് സൗരവ് ഗാംഗുലി

ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഗാംഗുലിക്ക് വിരുദ്ധമായി നടത്തിയ പ്രതികരണങ്ങളിൽ കോഹ്‌ലിയോട് കാരണം കാണിക്കാൻ ഗാംഗുലി ഒരുങ്ങിയതായി ചില മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു

Virat Kohli, Sourav Ganguly
ഫയല്‍ ചിത്രം

ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി ക്യാപ്റ്റൻസി വിഷയത്തിൽ വിരാട് കോഹ്‌ലി നടത്തിയ പരാമർശത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പദ്ധതിയില്ലായിരുന്നെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അത്തരം വാർത്തകൾ തെറ്റാണെന്ന് ഗാംഗുലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഗാംഗുലിക്ക് വിരുദ്ധമായി നടത്തിയ പ്രതികരണങ്ങളിൽ കോഹ്‌ലിയോട് കാരണം കാണിക്കാൻ ഗാംഗുലി ഒരുങ്ങിയതായി ചില മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകളെയാണ് ഗാംഗുലി അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിയത്.

ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് ബിസിസിഐ പറഞ്ഞിട്ടില്ലെന്ന് കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. അതിനു ദിവസങ്ങൾക്ക് മുൻപ് ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കരുതെന്ന് കോഹ്‌ലിയോട് പറഞ്ഞതായി ഗാംഗുലി പറഞ്ഞിരുന്നു. അതിനെ കോഹ്ലി തള്ളിയതോടെയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പുതിയ ചർച്ചകൾ ആരംഭിച്ചത്.

“ടി20 നായകസ്ഥാനം ഉപേക്ഷിക്കും മുൻപ് ഞാൻ ബിസിസിഐയോട് പറഞ്ഞിരുന്നു. എന്റെ കാഴ്ചപ്പാട് അവരോട് പറഞ്ഞു. ബിസിസിഐ അത് സ്വീകരിച്ചു. ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. പുരോഗമനപരമായ തീരുമാനം എന്നാണ് പറഞ്ഞത്. ഞാൻ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്ന് അവരോട് പറഞ്ഞു.” ഇതായിരുന്നു വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത് സംബന്ധിച്ച ചോദ്യത്തിന് കോഹ്ലി മറുപടി നൽകിയത്.

Also Read: IND vs SA 2nd ODI: ഇന്ത്യയെ ഏഴ് വിക്കറ്റിന് തകർത്തു; ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി രോഹിത് ശർമ്മയെ നിയമിച്ച സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്.

കഴിഞ്ഞ ടി20 ലോകകപ്പിന് മുന്നോടിയായാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ലോകകപ്പിന് ശേഷം കോഹ്ലി നായകസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. പിന്നാലെ കോഹ്‌ലിയെ ഏകദിനങ്ങളിൽ നിന്നും നീക്കിയിരുന്നു. ഒടുവിൽ കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോഹ്ലി ടെസ്റ്റിലെ നായകസ്ഥാനവും ഒഴിഞ്ഞു. കോഹ്ലി എല്ലാ ഫോർമാറ്റുകളിൽ നിന്നും രാജിവച്ച സ്ഥിതിക്ക് ബിസിസിഐ ഈ വിഷയത്തിന് ഇനി അധികം പ്രാധാന്യം നൽകില്ലെന്നാണ് മനസിലാകുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli t20 captaincy sourav ganguly bcci