/indian-express-malayalam/media/media_files/uploads/2018/01/sachin-2.jpg)
ഐസിസിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് സച്ചിൻ തെൻഡുൽക്കർ. 2017 ലെ ഏകദിന, ടെസ്റ്റ്, ട്വന്റി ട്വന്റി മൽസരങ്ങളിലെ കോഹ്‌ലിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിനായി കോഹ്‌ലിയെ തിരഞ്ഞെടുത്തത്. ഇതു രണ്ടാം തവണയാണ് കോഹ്‌ലി ഐസിസിയുടെ ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കുന്നത്. 2012 ൽ 24 വയസ്സുളളപ്പോൾ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
കോഹ്‌ലിയുടെ പുരസ്കാര നേട്ടത്തിന്റെ സന്തോഷം ട്വിറ്ററിലൂടെയാണ് സച്ചിൻ പങ്കുവച്ചത്. ''ഇതിൽ അതിശയിക്കാനൊന്നുമില്ല, നീ അർഹിച്ചതാണിത്. അഭിനന്ദനങ്ങൾ'' ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്.
No surprises there at all. You deserved it. Many congratulations, @imVkohli! #ICCAwards@ICC
— sachin tendulkar (@sachin_rt) January 18, 2018
ഐസിസിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയതിനുപിന്നാലെ മറ്റൊരു നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 900 പോയിന്റ് കോഹ്‌ലി നേടി. സുനിൽ ഗവാസ്കറിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാണ് കോഹ്‌ലി. സെഞ്ചൂറിയൻ ടെസ്റ്റിൽ നേടിയ സെഞ്ചുറിയാണ് കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
സെഞ്ചൂറിയനിൽ കോഹ്‌ലി തന്റെ 21-ാമത് സെഞ്ചുറിയാണ് നേടിയത്. കോഹ്‌ലിയുടെ 65-ാമത് ടെസ്റ്റ് മൽസരമായിരുന്നു സെഞ്ചൂറിയനിലേത്. സെഞ്ചൂറിയനിൽ നേടിയ സെഞ്ചുറിയാണ് കോഹ്‌ലിയുടെ പോയിന്റ് 880 ൽ നിന്ന് 900 ആക്കി ഉയർത്തിയത്. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നീ ഇന്ത്യൻ താരങ്ങളും 900 പോയിന്റിന് സമീപമെത്തിയിരുന്നു. പക്ഷേ ഇരുവർക്കും 900 തൊടാനായില്ല. 2002 ൽ സച്ചിൻ 898 പോയിന്റും 2005 ൽ ദ്രാവിഡ് 892 പോയിന്റും സ്വന്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.