ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ കളിക്കാരനായി വിരാട് കോഹ്‌ലി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോഹ്‌ലി ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം ഇരട്ട സെഞ്ചുറി നേടിയത്. വിരേന്ദർ സെവാഗിന്റെയും സച്ചിൻ ടെൻഡുൽക്കറുടെയും റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഇരുവരും ആറു തവണയാണ് ഇരട്ട സെഞ്ചുറി നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടിയ കളിക്കാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ വാലി ഹാമൻഡിനും ശ്രീലങ്കയുടെ മഹേല ജയവർധനയ്ക്കുമൊപ്പം കോഹ്‌ലിയെത്തി. പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് കോഹ്‌ലി. ഡോൺ ബ്രാഡ്മാൻ (12), കുമാർ സംഗക്കാര (11), ബ്രെയ്ൻ ലാറ (9) എന്നിവരാണു കോഹ്‌ലിക്കു മുന്നിലുളളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങളിൽനിന്നും അതിവേഗം 1,000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ കളിക്കാരനുമായി കോഹ്‌ലി. വെറും 19 ഇന്നിങ്സുകളിൽനിന്നാണു കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. സെവാഗിനെയാണ് കോഹ്‌ലി മറികടന്നത്. സെവാഗിനു 20 ഇന്നിങ്സുകളാണ് ഈ നേട്ടം കൈവരിക്കാൻ വേണ്ടിവന്നത്.

Read Also: അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ജഡേജ-കോഹ്‌ലി സഖ്യം; ഇന്ത്യ ഒന്നാം ഇന്നിങ്സ് 601 റൺസിന് ഡിക്ലയർ ചെയ്തു

ഏറ്റവും കൂടുതൽ തവണ 150 റൺസ് കടക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്‌ലി തകർത്തു. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെയാണ് കോഹ്‌ലി പിന്നിലാക്കിയത്. ഒൻപതു തവണയാണ് കോഹ്‌ലി 150 റൺസ് കടന്നത്. ബ്രാഡ്മാന്റെ പേരിൽ എട്ടെണ്ണമാണുളളത്.

കരിയറിലെ തന്റെ ഏഴാം ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റിൽ 7,000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ കളിക്കാരനുമായി കോഹ്‌ലി മാറി. ടെസ്റ്റിൽ അതിവേഗം 26 സെഞ്ചുറികൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കി. 138 ഇന്നിങ്സുകളിൽനിന്നാണു കോഹ്‌ലിയുടെ ഈ നേട്ടം. ലോകകളിക്കാരുടെ ഈ പട്ടികയിൽ നാലാം സ്ഥാനത്താണ് കോഹ്‌ലി. ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാമൻ. 69 ഇന്നിങ്സുകളിൽനിന്നാണു അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ വിരാട് കോഹ്‌ലി 336 പന്തുകളിൽ നിന്ന് 254 റൺസ് നേടി. 33 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. 295 പന്തിൽനിന്നാണു കോഹ്‌ലി ഇരട്ട സെഞ്ചുറി തികച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook