റിഷഭ് പന്തിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പന്തിനെ പിന്തുണച്ച് കോഹ്‌ലി രംഗത്തെത്തി. റിഷഭ് പന്തിനെ ഒറ്റപ്പെടുത്തില്ലെന്ന് കോഹ്‌ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര ആരംഭിക്കാനിരിക്കെയാണ് കോഹ്‌ലിയുടെ പരസ്യ പ്രസ്താവന.

“റിഷഭ് പന്തിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ട്. നന്നായി കളിക്കുക എന്നത് പന്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, അവന് അവസരങ്ങള്‍ നല്‍കുന്നതും അവനെ പിന്തുണയ്ക്കുന്നതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. അവന് പിന്തുണ ലഭിക്കണം.” കോഹ്‌ലി പറഞ്ഞു.

Read Also: വിശക്കുന്നു, കഴിക്കാനൊന്നുമില്ല; മഞ്ഞുവാരി തിന്ന് ചാക്കോച്ചന്‍, പഞ്ഞി മിഠായി അല്ലേയെന്ന് അനു സിത്താര

“രോഹിത് ശര്‍മ നേരത്തെ പറഞ്ഞതുപോലെ പന്തിനെ വെറുതെ വിടൂ. മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള ആളാണ് പന്ത്. അയാളുടെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ സഹായിക്കൂ. നല്ല കളി പുറത്തെടുക്കാന്‍ സാധിച്ചാല്‍ പിന്നെ പന്ത് മികച്ച കളിക്കാരനാകും. മറ്റ് കളിക്കാരില്‍ നിന്നും അയാള്‍ വ്യത്യസ്തനാകും. നന്നായി കളിച്ചില്ലെങ്കിലും പന്തിനെ ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. പന്തിനു വേണ്ടി കാര്യങ്ങള്‍ ചെയ്യാനാണ് ഞങ്ങള്‍ ഇവിടെയുള്ളത്.” കോഹ്‌ലി പറഞ്ഞു.

കളിക്കളത്തിൽ പൂർണമായും ശോഭിക്കാൻ കഴിയാത്ത റിഷഭ് പന്തിനെ ഇന്ത്യൻ ടീം വീണ്ടും വീണ്ടും പിന്തുണയ്ക്കുമ്പോൾ അത് സഞ്ജു സാംസണ് തിരിച്ചടിയാകാനാണ് സാധ്യത. റിഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായി തുടർന്നാൽ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായ സഞ്ജു സാംസണ് അവസരങ്ങൾ കുറയാൻ അത് കാരണമാകും.

Read Also: ധനമന്ത്രി കഴിക്കുന്നത് വെണ്ണപ്പഴമാണോ?; നിര്‍മല സീതാരാമനെ കളിയാക്കി കോണ്‍ഗ്രസ്

മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പര. ഇതിൽ രണ്ടാം മത്സരം നടക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലേക്ക് ഒരു വർഷത്തിന് ശേഷം വീണ്ടും മറ്റൊരു രാജ്യാന്തര മത്സരം മടങ്ങിയെത്തുകയാണ്. നാളെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരം നടക്കുന്നത്.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook