ഫീൽഡിങ്ങിൽ തകർപ്പൻ പ്രകടനങ്ങളുമായി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. തകർപ്പൻ ക്യാച്ചുകളും കിടിലൻ റൺഔട്ടുകളും കോഹ്‌ലിയുടെ ബാറ്റിങ് പോലെ തന്നെ ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ആവേശം തന്നെയാണ്. അത്തരത്തിലൊരു ഫീൽഡിങ് പ്രകടനം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും പുറത്തെടുത്ത് കയ്യടി നേടിയിരിക്കുകയാണ് താരം.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 244 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ ഒന്നൊന്നായി തകർത്തെറിയുന്നതിനിടയിലാണ് കോഹ്‌ലിയുടെ തകർപ്പൻ ക്യാച്ച്. 41-ാം ഓവറിൽ അരങ്ങേറ്റക്കാരൻ കമറൂൺ ഗ്രീനിനെ പുറത്താക്കാൻ വായുവിലൂടെ പറന്ന കോഹ്‌ലി ഒറ്റകയ്യിൽ പന്ത് കൈപിടിയിലാക്കുകയായിരുന്നു.

ആർ അശ്വിന്റെ ഷോർട്ട് ബോൾ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടത്താനായിരുന്നു ഗ്രീനിന്റെ ശ്രമം. എന്നാൽ കോഹ്‌ലി അങ്ങനെ ഡൈവ് ചെയ്യുമെന്ന് ഗ്രീൻ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ചീറ്റയെ പോലെ കുതിച്ച കോഹ്‌ലി പന്ത് കൈപിടിയിലാക്കി. മൈതാനത്ത് എഴുന്നേറ്റ് നിന്ന താരം തൊപ്പി ഊരി കാണികളെ അഭിവാദ്യവും ചെയ്തു.

Also Read: നാണംകെട്ട് ഓസീസ്; ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മേല്‍ക്കൈ

വൻ തകർച്ചയിൽ നിന്ന് കരകയറുന്നതിനിടയിൽ ഓസ്ട്രേലിയയ്ക്ക് ഇരട്ടി പ്രഹരമായി ഗ്രീനിന്റെ വിക്കറ്റ്. ആദ്യ നാലു വിക്കറ്റുകൾ നേരത്തെ നഷ്ടമായ ഓസ്ട്രേലിയയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിലാണ് ഗ്രീൻ പുറത്തായത്. ഗ്രീനിന്റെ അടക്കം നാല് വിക്കറ്റുകളാണ് അശ്വിൻ മത്സരത്തിൽ ഇതുവരെ വീഴ്ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook