ബാംഗ്ലൂർ: ഓസ്ട്രേലിയയ്ക്കെതിരായ നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ ഒറ്റകയ്യൻ ക്യാച്ചുമായി ഓസിസ് ഇന്നിങ്സിൽ തന്നെ കയ്യടി നേടിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസിസ് മധ്യനിരയിൽ റൺസ് കണ്ടെത്തി മുന്നേറികൊണ്ടിരുന്ന മാർനസ് ലാബുഷെയ്നെ പുറത്താക്കാനാണ് കോഹ്‌ലി പറന്ന് പന്ത് കൈപിടിയിലാക്കിയത്.

ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 32-ാം ഓവറിലായിരുന്നു കോഹ്‌ലിയുടെ തകർപ്പൻ ക്യാച്ച്. രവീന്ദ്ര ജഡേജ എറിഞ്ഞ മൂന്നാം പന്ത് ഓഫ് സൈഡിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമം സർക്കിളിനുള്ളിൽ തന്നെ കോഹ്‌ലി തടയുകയായിരുന്നു. ലബുഷെയ്ന്രെ ബാറ്റിൽ നിന്നും അതിവേഗം കുതിച്ച പന്ത് ഫുൾ ലെങ്തിൽ വായുവിൽ നിന്ന് കോഹ്‌ലി പിടിക്കുകയായിരുന്നു.

ഉടനെ തന്നെ രവീന്ദ്ര ജഡേജ ഓടിയെത്തി നായകനെ ഉയർത്തി വിക്കറ്റ് ആഘോഷിക്കുകയും ചെയ്തു. അതേസമയം ഡ്രസിങ് റൂമിലുണ്ടായിരുന്ന ഫീൾഡിങ് കോച്ച് ആർ. ശ്രീധറിനെ അഭിവാദനം ചെയ്തുകൊണ്ടായിരുന്നു കോഹ്‌ലി വിക്കറ്റ് ആഘോഷിച്ചത്. എന്നാൽ മറ്റൊരു കണ്ടെത്തൽ കൂടി സോഷ്യൽ മീഡിയയിലുണ്ടായി. ക്യാച്ചെടുക്കുന്ന സമയത്ത് ഗ്രൗണ്ടിൽ കോഹ്‌ലിയുടെ നിഴൽ ചീറ്റപ്പുലിയെ പോലെയായിരുന്നുവെന്നാണ് ഒരു കോഹ്‌ലി ആരാധകൻ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ശിഖർ ധവാനും രോഹിത് ശർമയും തന്നെ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. കെ.എൽ.രാഹുൽ അഞ്ചാമനായി കളത്തിലിറങ്ങും. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്. ഇന്നത്തെ മത്സരം വിജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ഇന്ത്യ വിജയിച്ചു.

Read Here: നായകൻ വില്ലനായി; ജംഷഡ്പൂരിനോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook