ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തോൽവിയോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ. കളിക്കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തിൽ കോഹ്ലി ഇനിയുമേറെ പഠിക്കാനുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ.
”വിരാട് ഇനിയുമേറെ പഠിക്കാനുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയിലും ഇപ്പോൾ ഇംഗ്ലണ്ടിലും നമ്മൾ കണ്ടതാണ്. ഫീൽഡിങ്ങിലും ബോളിങ്ങിലും കൃത്യമായ സമയത്ത് മാറ്റങ്ങൾ വരുത്തിയിരുന്നുവെങ്കിൽ അത് കളിയിലും മാറ്റം വരുത്തിയേനെ. ഇംഗ്ലണ്ടിലും കോഹ്ലി അത് മറന്നു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിട്ട് രണ്ടു വർഷമല്ലേ ആയുളളൂ. അതിന്റെ പരിചയക്കുറവ് കാണാനുണ്ട്”, കോഹ്ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ഗവാസ്കർ പറഞ്ഞു.
”ഇന്ത്യൻ പിച്ചുകളിലാണ് കോഹ്ലിക്ക് കൂടുതൽ പരിചയമുളളത്. ഇവിടെ വിക്കറ്റുകൾ പെട്ടെന്ന് വീഴും. നല്ലൊരു പാർട്നർഷിപ് തകർക്കുന്നതിനുളള പരിചയം കോഹ്ലിക്ക് കിട്ടിയില്ല. ഓസ്ട്രേലിയൻ ടൂറിൽ ഇക്കാര്യങ്ങളൊക്കെ കോഹ്ലി പഠിക്കുമെന്നാണ് പ്രതീക്ഷ”, ഗവാസ്കർ പറഞ്ഞു.
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ തോൽവി തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്നും ഗവാസ്കർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ സംഭവിച്ചതുതന്നെയാണ് ഇംഗ്ലണ്ടിലും സംഭവിച്ചത്. ടീം വേണ്ടത്ര രീതിയിൽ പരിശീലിച്ചിരുന്നില്ല. രാജ്യാന്തര മൽസരങ്ങളിൽ പരിശീലനം അത്യാവശ്യമാണ്. പക്ഷേ പലപ്പോഴും ഇത് നടക്കാറില്ല. ഓസ്ട്രേലിയൻ ടൂറിലെങ്കിലും ഈ അബദ്ധം ആവർത്തിക്കാതിരിക്കട്ടെയെന്നും ഗവാസ്കർ പ്രതീക്ഷ പ്രകടിപ്പിച്ചു.
നവംബറിലാണ് ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം.