ഐസിസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരും ചർച്ച ചെയ്‌തത് കോഹ്‌ലിക്ക് ലഭിച്ച നേട്ടമാണ്. 2019 ലെ ‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്‌കാരമാണ് കോഹ്‌ലിക്ക് ലഭിച്ചത്. അതിനു മാനദണ്ഡമായത് എന്താണെന്ന് തിരക്കുകയാണ് കോഹ്‌ലി ആരാധകർ അടക്കം. കോഹ്‌ലിക്ക് ഇങ്ങനെയൊരു നേട്ടം ലഭിക്കാൻ കാരണമായ സംഭവം കേട്ടാൽ ഐസിസി മാത്രമല്ല ആരായാലും കയ്യടിക്കും!

കളിക്കളത്തിൽ എപ്പോൾ എങ്ങനെ പെരുമാറുമെന്ന് പിടികിട്ടാത്ത സ്വഭാവമാണ് കോഹ്‌ലിയുടേത്. ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കും, സന്തോഷം വന്നാൽ ചെറിയ കുട്ടിയെ പോലെ പൊട്ടിച്ചിരിക്കും. മനസിൽ തോന്നുന്നത് അതേപടി കളിക്കളത്തിലും കാണിക്കുന്ന അപൂർവം ചില താരങ്ങളിൽ ഒരാളാണ് കോഹ്‌ലി. 2019 ലോകകപ്പ് ക്രിക്കറ്റിൽ അത്തരത്തിലൊരു ‘കോഹ്‌ലി പ്രകടനം’ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം നിറച്ചിരുന്നു. അത് പരിഗണിച്ചാണ് കോഹ്‌ലിക്ക് ‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്‌കാരം ഐസിസി സമ്മാനിക്കുന്നത്.

Read Also: സൂര്യനായ് തഴുകി… അപ്പായിയ്‌ക്കൊപ്പം അസ്തമയം കാണുന്ന ഇസഹാക്ക്

2019 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരം നടക്കുന്നതിനിടെയാണ് ക്രിക്കറ്റ് ലോകം നെഞ്ചേറ്റിയ ആ നിമിഷങ്ങൾ അരങ്ങേറിയത്. ഓസിസ് താരം സ്റ്റീവ് സ്‌മിത്തിനെ കൂവി വിളിച്ച കാണികളോട് കയ്യടിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു കോഹ്‌ലി. ഇന്ത്യൻ ഇന്നിങ്സിൽ മൈതാനത്ത് തേർഡ് മാനിൽ ഫീൾഡ് ചെയ്യുകയായിരുന്നു സ്റ്റീവ് സ്‌മിത്ത്. ഇന്ത്യൻ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഈ സമയം കാണികൾ സ്‌മിത്തിന് നേരെ പരിഹാസവുമായി രംഗത്തെത്തി. ‘ചതിയൻ… ചതിയൻ…’എന്ന് ഉറക്കെ വിളിച്ച് കൊണ്ടായിരുന്നു ആരാധകരുടെ പരിഹാസം. എന്നാൽ, ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഇത് അത്ര രസിച്ചില്ല. മുന്നോട്ട് വന്ന് സ്‌മിത്തിനു വേണ്ടി കയ്യടിക്കാൻ ആരാധകരോട് വിരാട് കോഹ്‌ലി ആവശ്യപ്പെടുകയും ചെയ്തു.

മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും കോഹ്‌ലി വ്യക്തമായ മറുപടി നൽകി. കഴിഞ്ഞത് കഴിഞ്ഞ കാര്യമാണ്, സ്‌മിത്തിനെ ഇനിയും അത്തരത്തിൽ മോശപ്പെട്ട രീതിയിൽ പരിഗണിക്കുന്നത് ശരിയല്ലെന്നായിരുന്നു കോഹ്‌ലിയുടെ ഉത്തരം. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഒരു വർഷം വിലക്ക് നേരിട്ട മുൻ ഓസിസ് നായകൻ സ്റ്റീവ് സ്‌മിത്തും ഉപനായകൻ ഡേവിഡ് വാർണറും ലോകകപ്പ് ടീമിലൂടെയാണ് രാജ്യന്തര ക്രിക്കറ്റിൽ മടങ്ങിവരവ് നടത്തിയത്.

Read Also: അതിരാവിലെ സെക്‌സോ? ഗുണങ്ങൾ ചില്ലറയല്ല

ഇന്നാണ് ഐസിസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2019 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് കിരീടം നേടികൊടുക്കാന്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച ബെന്‍ സ്റ്റോക്‌സാണ് ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച പുരുഷ താരത്തിനുള്ള ഐസിസിയുടെ ‘സര്‍ ഗാരി സോബേഴ്‌സ്’ പുരസ്‌കാരമാണ് സ്റ്റോക്‌സിന് ലഭിക്കുക.

ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് സ്റ്റോക്‌സ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനം കൂടിയാണ് സ്റ്റോക്‌സിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 2019 ലെ ഐസിസി ഏകദിന ക്രിക്കറ്റർ പുരസ്‌കാരത്തിന് ഇന്ത്യയുടെ ‘ഹിറ്റ്‌മാൻ’ രോഹിത് ശർമ അർഹനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook