ക്രിക്കറ്റ് മൈതാനത്ത് പരിശീലനത്തിന് കൂടുതൽ സമയം ചിലവഴിക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. പരിശീലനത്തിൽ മാത്രമല്ല മത്സരത്തിനിടയിലും താരത്തിന്റെ ചുറുചുറുക്കും ആത്മാർത്ഥതയും ഏറെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.

പെർത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ നായകന്റെ പ്രകടനം ഏറെ നിർണായകമായിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഇന്ത്യൻ നായകന്റെ പ്രകടനമാണ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്.

രണ്ടാം ഇന്നിങ്സിലും തുടക്കം പിഴച്ച ഇന്ത്യയുടെ രക്ഷകനായി കോഹ്‍ലി അവതരിക്കുമെന്നാണ് കരുതിയത്. നാലാം ദിനം ചായയ്ക്ക് പിരിഞ്ഞപ്പോഴും പരിശീലനത്തിനായി ഇന്ത്യൻ നായകൻ സമയം കണ്ടെത്തി. ഇടവേളയിൽ 20 മിനിറ്റാണ് കോഹ്‍ലി നെറ്റ്സിൽ പരിശീലനം നടത്തിയത്. കമന്റേറ്റർ ആകാശ് ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

“ചായയ്ക്കായി പിരിഞ്ഞപ്പോൾ കോഹ്‍ലി 20 മിനിറ്റ് പരിശീലനത്തിനായി നെറ്റ്സിൽ ചിലവഴിച്ചു,” ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.

ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 13 റൺസെടുക്കുന്നതിനിടയിൽ രാഹുലിനെയും പൂജാരയെയും നഷ്ടമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ നായകൻ ക്രീസിലെത്തുന്നത്. അതിനിടയിൽ ലഭിച്ച ഇടവേളയിലാണ് താരം താളം കണ്ടെത്തുന്നതിനായി പരിശീലനത്തിൽ ഏർപ്പെട്ടത്.

എന്നാൽ രണ്ടാം ഇന്നിങ്സിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ നായകന് സാധിച്ചില്ല. 17 റൺസെടുത്ത കോഹ്‍ലിയെ നഥാൻ ലിയോൺ ഖ്വാജയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. കളി അവസാനിക്കാൻ ഒരു ദിവസവും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ 175 റൺസ് കൂടി വേണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook