ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ വെടിക്കെറ്റ് ബാറ്റ്സ്മാൻ ഹർമൻ പ്രീത് കൗർ, ഓപ്പണിംഗ് ബാറ്റ്സ്മാനും തുടർ സെഞ്ചുറികൾ കൊണ്ട് ഇന്ത്യയൊട്ടുക്ക് ആരാധകരെ നേടിയ സ്മൃതി മന്ദാന, ഒപ്പം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും. ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ഏകദിനത്തിന് ശേഷം നടന്ന ഒരു പ്രത്യേക കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ബെംഗലൂരുവിൽ നടന്ന നാലാം ഏകദിനത്തിന് ശേഷമാണ് ഏറെ പ്രത്യേകതയുള്ള കൂടിക്കാഴ്ചയെന്ന പേരിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രങ്ങൾ പങ്കുവച്ചത്.
നാലാം ഏകദിനത്തിൽ ഓസീസിന്റെ ആദ്യ രണ്ട് ബാറ്റ്സ്മാന്മാരും തകർപ്പൻ പ്രകടമാണ് കാഴ്ചവച്ചത്. നിശ്ചിത അമ്പത് ഓവറിൽ ഓസീസ് 334 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 21 റൺസ് പിന്നിലെ എത്തിയുള്ളൂ.
ഇതോടെ തുടർച്ചയായി 10 വിജയമെന്ന ടീം ഇന്ത്യയുടെ സ്വപ്നം നഷ്ടമായി. അതേസമയം മിതാലി രാജ് നയിച്ച ഇന്ത്യൻ വനിത ലോകകപ്പ് ടീമിൽ ഏറെ പ്രശംസിക്കപ്പെട്ട പ്രകടനം കാഴ്ച വച്ചത് ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയുമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഇരുവർക്കും വളരെയധികം ആരാധകരെ രാജ്യമൊട്ടുക്ക് നേടാനായി.