ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്പരയിലെ മെൽബണിൽ നടന്ന അവസാന മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയമാണ് നേടിയത്. ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ബോളിങ്ങിൽ നാല് വിക്കറ്റുമായി ക്രുണാൽ പാണ്ഡ്യയും ബാറ്റിങ്ങിൽ അർദ്ധസെഞ്ചുറി പ്രകടനവുമായി വിരാട് കോഹ്‍ലിയും ഇന്ത്യയുടെ വിജയ ശിൽപ്പികളായി.

എന്നാൽ ക്രിക്കറ്റ് ആരാധകരുടെയാകെ മനം കവർന്ന് ബൗണ്ടറിക്ക് പുറത്ത് മറ്റൊരാൾ താരമായി. ഗ്ലെൻ മാക്സ്‍വെല്ലിന്റെ പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ ഷോട്ട് ബൗണ്ടറി കടന്നെങ്കിലും അത് കൈപ്പിടിയിലാക്കി വിക്കറ്റ് ആഘോഷിച്ചുകൊണ്ടാണ് ഒരു സെക്യുരിറ്റി ഗാർഡ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.

ഇന്ത്യൻ ഇന്നിങ്സിന്റെ പതിനേഴാം ഓവറിലാണ് സംഭവം. ഗ്ലെൻ മാക്സ്‍വെല്ലിന്റെ പന്ത് കോഹ്‍ലി മിഡ്‍വിക്കറ്റിലൂടെ ബൗണ്ടറി പായിച്ചു. എന്നാൽ ബൗണ്ടറിക്കപ്പുറത്ത് നിന്ന സെക്യൂരിറ്റി ജീവനക്കാരന് അത് കൈവിട്ട് കളയാൻ മനസ്സ് വന്നില്ല. അയാൾ അത് ക്യാച്ചെടുത്തു. “സുരക്ഷ ജീവനക്കാരന്റെ കൈകളിൽ പന്ത് സുരക്ഷിതം.”

സിക്സ‍ർ പായിച്ച ഇന്ത്യൻ നായകനെ എന്ന പോലെ തന്നെ കാണികൾ സുരക്ഷ ജീവനക്കാരനെയും അഭിനന്ദിച്ചു. അയാൾക്ക് വേണ്ടിയും കൈയ്യടിച്ചു.

ഇന്ത്യ-ഓസീസ് ടി20 പരമ്പരിയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകർപ്പൻ ജയമാണ് നേടിയത്.ആറ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കീഴ്‍പ്പെടുത്തിയത്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ 41 പന്തിൽ നിന്നും 61 റൺസ് നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായതും കോഹ്‍ലി തന്നെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook