പോർട്ട് എലിസബത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നേടിയത് ചരിത്ര നേട്ടം മാത്രമല്ല, ഒരു പകരം വീട്ടൽ കൂടിയാണ്. നാലാം ഏകദിനത്തിൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഒപ്പം ദക്ഷിണാഫ്രിക്കൻ ബോളറുടെ കളിയാക്കൽ കൂടി കോഹ്‌ലിക്ക് നേരിടേണ്ടിവന്നു. അടുത്ത ഏകദിനത്തിൽ അതിന് പകരം വീട്ടുമെന്ന് കോഹ്‌ലി മനസ്സിൽ ഉറപ്പിച്ചതുപോലെയായിരുന്നു 5-ാം ഏകദിനത്തിൽ സംഭവിച്ച കാര്യങ്ങൾ.

സെന്റ് ജോർജ്സ് പാർക്കിൽ നടന്ന നാലാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടപ്പോഴാണ് ദക്ഷിണാഫ്രിക്കൻ ബോളർ ഷംസി ഇന്ത്യൻ നായകൻ കോഹ്‌ലിയെ കളിയാക്കിയത്. ഇതിന് അതേ നാണയത്തിലാണ് 5-ാം ഏകദിനത്തിൽ കോഹ്‌ലി മറുപടി നൽകിയത്. ക്രീസിൽ ഷംസി ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലി കളിയാക്കിയത്. കുൽദീപ് യാദവിന്റെ ബോളുകളായിരുന്നു ഷംസി നേരിട്ടത്. ഷംസി ബോൾ നേരിട്ടു കഴിഞ്ഞതും കോഹ്‌ലി കളിയാക്കി. ഷംസി നീ ചെസ്റ്റ് പാഡ് അണിഞ്ഞിട്ടുണ്ടോയെന്നായിരുന്നു കോഹ്‌ലി ചോദിച്ചത്. മൈക്ക് സ്റ്റംപ് ഇത് പിടിച്ചെടുത്തു.

കോഹ്‌ലിയുടെ കളിയാക്കൽ കേട്ട് ദേഷ്യം വന്നതുകൊണ്ടാണോ എന്നറിയില്ല കുൽദീപിന്റെ അടുത്ത ബോൾ ഷംസി ഉയരത്തിൽ പറത്തി. എന്നാൽ ഹാർദിക് പാണ്ഡ്യ ഉഗ്രനൊരു ഒറ്റക്കൈയ്യൻ ക്യാച്ചിലൂടെ ബോൾ കൈപ്പിടിയിൽ ഒതുക്കി.

ദക്ഷിണാഫ്രിക്കയിൽ ചരിത്രം കുറിക്കാനായതിൽ സന്തോഷമുണ്ടെന്നായിരുന്നു മൽസരശേഷം കോഹ്‌ലി പറഞ്ഞത്. ഈ വിജയം തന്റെ ടീമിനുളളതാണെന്നും കോഹ്‌ലി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യമായി ഏകദിന പരമ്പര നേടിയാണ് കോഹ്‌ലി ചരിത്രം കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ